തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ നാളെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ. പാർട്ടിയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി കിട്ടിയ ശേഷം ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എൽഡിഎഫിനോടാവശ്യപ്പെടുമെന്നും ടി.പി പീതാംബരൻപറഞ്ഞു.

ഫോൺവിളി കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ എകെ ശശീന്ദ്രനെ മന്ത്രിയാക്കാൻ എൻസിപി തിരക്കിട്ട നീക്കത്തിലാണ്. കേരള നേതാക്കൾ നാളെ ദില്ലിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. നാളത്തന്നെ എൽഡിഎഫ് നേതൃത്വത്തോട് ഔദ്യോഗികമായി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും.

എത്രയും പെട്ടെന്ന് മന്ത്രി വേണമെന്നാണ് എൻസിപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. ഫോൺ വിളി കേസിൽ കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ടായിരുന്നെങ്കിലും ക്ലീൻ ചിറ്റ് കിട്ടിയതോടെ നടപടികൾ വേഗത്തിലായി.