ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അനധികൃതമായി കടക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൂഴ്ത്തിവയ്പ്പും അമിത വിലയീടാക്കുന്നതും പിടികൂടാനായി ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു. ഓപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങളെ പൊലീസ് ദത്തെടുക്കുമെന്നും ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി പുനർനിർമ്മാണം, സുരക്ഷ എന്നിവയിലേക്ക് ഓപ്പറേഷൻ ജലരക്ഷ കടക്കുകയാണെന്ന് ഡിജിപി പറഞ്ഞു. ചില ക്യാമ്പുകളിലേക്ക് കടന്ന് സാമൂഹ്യവിരുദ്ധർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ശക്തമാക്കുകയാണ്. ക്യാമ്പുകളിൽ പ്രവേശിക്കണമെങ്കിൽ പൊലീസുകൂടി ഉള്‍പ്പെട്ട ക്യാമ്പ് കമ്മിറ്റിയുടെ അനുമതി വാങ്ങണം.
ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങി കിടക്കുന്നവരുണ്ടാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലും എല്ലാവീടുകളിലും പരിശോധന നടത്തും. വീടുകൾ വൃത്തിയാക്കാൻ പൊലീസും രംഗത്തിറങ്ങും. ക്യാമ്പുകളിൽ നിന്ന് ഡാറ്റാ ബാങ്കുണ്ടാക്കി എല്ലാം നഷ്ടമായ കുടുംബങ്ങളെ പൊലീസ് ദത്തെടുക്കാനും തീരുമാനിച്ചു.
ദുരിതത്തിൽപ്പെട്ടവരെ കുറിച്ച് വിവരം ലഭിക്കാതെ നിരവധിപ്പേർ വിദേശത്തുനിന്ന് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. വിളിച്ചവർക്കെല്ലാം കൃത്യമായ മറുപടി ഉടൻ നൽകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
