Asianet News MalayalamAsianet News Malayalam

ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

Tamil Nadu chief minister Jayalalithaa very critical Apollo Hospitals says
Author
New Delhi, First Published Dec 5, 2016, 7:49 AM IST

ചെന്നൈ: ജയലളിത അതീവ ഗുരുതരാവസ്ഥയിൽ എന്ന് അപ്പോളോ ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയം പ്രവർത്തിക്കുന്നത് യന്ത്രസഹായത്താലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധമൂലം ആരോഗ്യനില സങ്കീർണ്ണമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ജയലളിത. 

ജയലളിത ഇസിഎംഇയില്‍ ആണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ സ്ഥിരീകരിക്കുന്നു, ഹൃദയത്തിന്‍റെയും ശ്വാസ കോശത്തിന്‍റെയും പ്രവര്‍ത്തനം ശരീരത്തിന്‍റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്. 24 മണിക്കൂറും ആന്തരിക അവയവങ്ങള്‍ക്ക് ശ്വാസം നല്‍കാന്‍  ഈ യന്ത്രത്തിന് സാധിക്കും.

ജയലളിതയെ പരിശോധിക്കാന്‍ എയിംസില്‍ നിന്ന് വിദഗ്ധ സംഘം എത്തിയിട്ടുണ്ട്. 4 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് കേന്ദ്രം അയച്ചത്. ഒപ്പം ജയലളിതയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ലണ്ടനിലെ ഡോക്ടർ റിച്ചാർഡ് ബെയ്‍‍ലിന്‍റെ സഹായം അപ്പോളോ ആശുപത്രി അധികൃതര്‍ തേടുന്നുണ്ട്. 

തമിഴ്നാട്ടിൽ കനത്ത ജാഗ്രത

ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമായതിനെതുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ്. ചെന്നൈ നഗരത്തിലും അപ്പോളോ ആശുപത്രിയുടെ പരിസരത്തും നൂറ്കണക്കിന് പൊലീസുകാർ നിലയുറപ്പിച്ചു. ആശുപത്രിയിലേക്ക് കടക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകരുടെ ബഹളത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുകയാണ്. അതേസമയം സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. 

തമിഴ്നാട് ഡിജിപി യുടെ നേചൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ദൗത്യം ഏകോപിപ്പിക്കുകയാണ്. അടിയന്തിര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കേന്ദ്രസേനയെ ഇറക്കും. ജയലളിതയ്ക്ക് ഹൃദായാഘാതം ഉണ്ടായി എന്ന വാർത്ത പരന്നതോടെ ഇന്നലെ രാത്രിതന്നെ  സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എഐഡിഎം കെ പ്രവർത്തകർ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകി. 

ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളും അടുത്ത സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ വാഹനങ്ങളും മാത്രമാണ് കയറ്റിവിടുന്നത്. ആശുപത്രിയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് എഐഡിഎംകെ പ്രവർത്തകർ പൊലീസുകാരോട് ബഹളം വെക്കുകയാണ്. 

ജയലളിതയുടെ ആരോഗ്യനിലയിൽ  മനംനൊന്ത് തമിഴ്നാട്ടിൽ ഇതുവരെ രണ്ടുപേർ മരിച്ചു. എഐഡിഎംകെ ആസ്ഥാനത്ത് ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ ആശുപത്രിയിൽ തുടരുകയാണ്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകളെ തമിഴ് ജനത വൈകാരികമായി സമീപിക്കുന്നതിനാൽ, മോശമായതെന്തെങ്കിലും സംഭവിക്കുന്നപക്ഷം സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാനുള്ള മുൻകരുതലാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.  

ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലും സെക്രട്ടറിയേറ്റിലും ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ വസതിയിലും കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. കൂടാതെ കരുണാനിധി അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ആഴ്വാർപേട്ട് കാവേരി ആശുപത്രിയിലും പൊലീസിനെ വിന്യസിച്ചു. 

ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്നലെ രാത്രിയോടെ ജയലളിതക്ക് ഹൃദയസ്തംഭനമുണ്ടായത്.ഐസിയുവില്‍ വീണ്ടും പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നതോടെ ജയലളിതക്കായി പ്രാര്‍ത്ഥനയോടെ നേതാക്കളുംഅണികളും രംഗത്തെത്തി.

കേന്ദ്രം നിരീക്ഷിക്കുന്നു

തമിഴ്നാടിലെ സ്ഥിതി നേരിട്ട് നിരീക്ഷിക്കാൻ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ചെന്നൈയിലേക്ക് പോകും. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി  സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.

വെങ്കയ്യ നായിഡു ഉച്ചക്ക് ശേഷം ചെന്നൈയിലെത്തും. ഗവർണറോട് ചെന്നൈയിൽ തുടരാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണറോടും സംസ്ഥാനചീഫ് സെക്രട്ടറിയോടും ടെലിഫോണിൽ സംസാരിച്ച വെങ്കയ്യനായിഡു മുഖ്യമന്ത്രി വേഗം സുഖം പ്രാപിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. ജയലളിതയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു.

സുരക്ഷാക്രമീകരണങ്ങൾ കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തി. സംസ്ഥാനം ആവശ്യപ്പെട്ടാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ജയലളിത വേഗം സുഖം പ്രാപിക്കട്ടെയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം  എ കെ ആൻറണി പറഞ്ഞു.

ജയലളിതയുടെ ആരോഗ്യസ്ഥിതി,  ആരോഗ്യമന്ത്രി ജെപി നദ്ദ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത

ജയലളിതയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ കേരളവും നിതാന്ത ജാഗ്രതയിലാണ്. ശബരിമലയിലും തമിഴ്നാടിന്റെ അതിർത്തി  പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിലേക്കുള്ള  പല കെഎസ്ആർടിസി ബസ്സുകളും സർവ്വീസ് നിർത്തി.

ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാടിനോടൊപ്പം കർണാടകവും ആന്ധ്രാപ്രദേശും അതീവ ജാഗ്രതയിലാണ്.. തമിഴ്നാട്ടിൽ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി.. കർണാടക,ആന്ധ്രാ ആർടിസി ബസുകൾ തമിഴ്നാട്ടിലേക്കുള്ള സർവ്വീസ് താത്കാലികമായി നിർത്തി.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ഓരോ വിവരങ്ങളും അതീവ ജാഗ്രതയോടെയാണ് അയൽ സംസ്ഥാനമായ കേരളവും ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രിതന്നെ ഡിജിപി എസ് പിമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.ജയലളിതക്ക് ഹൃദയാഘാതം ഉണ്ടായതിൽ ദു:ഖിതനാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് വിലപ്പെട്ട സേവനങ്ങൾ തുടർന്നും ലഭിക്കാൻ ജയലളിത വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗവർണ്ണർ പി.സദാശിവം ട്വീറ്റ് ചെയ്തു.

ബത്തേരിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെഎസ് ആ‌ർടിസി ബസ്സുകൾ സർവ്വീസ് നിർത്തി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിർത്തിയിൽ സർവ്വീസ് നിർത്തിവെക്കാൻ ഡ്രൈവർമാർക്ക് കെഎസ്ആർടിസി നിർദ്ദേശം നൽകി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കൊല്ലം, വയനാട് ജില്ലകളിലാണ് കൂടുതൽ മുൻ കരുതൽ.

ശബരിമലയിൽ ഇന്നലെ രാത്രി മുതൽ സുരക്ഷ കൂടുതൽ ശക്തമാക്കി. നാളികേര ആഴിക്കടുത്ത് വടം കെട്ടി  തീര്ത്ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

Follow Us:
Download App:
  • android
  • ios