ഒ പനീര്‍ശെൽവമാണ് തേക്കടിയിലെത്തി ഷട്ടര്‍ തുറന്നു

ഇടുക്കി: കാര്‍ഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെൽവമാണ് തേക്കടിയിലെത്തി ഷട്ടര്‍ തുറന്നത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്.

സെക്കന്റിൽ 300 ഘനയടി വെള്ളമാണ് തുറന്ന് വിട്ടത്. പിന്നീട് ഇത് 1400 ഘനയടിയിലേക്ക് ഉയര്‍ത്തും. 120 ദിവസത്തേക്കാണ് വെള്ളം കൊണ്ടുപോവുക. ആചാര പ്രകാരമുള്ള പൂജകൾക്ക് ശേഷമായിരുന്നു തേക്കടി ഷട്ടര്‍ തുറന്നത്.

തേനി കളക്ടര്‍, വിവിധ കര്‍ഷക സംഘടനാ നേതാക്കൾ എന്നിവരും പനീര്‍ശെൽവത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അണക്കെട്ടിൽ ജലനിരപ്പ് കുറവായതിനാൽ സെപ്റ്റംബറിലാണ് ഷട്ടർ തുറന്നത്. 200 ഘനയടി വെള്ളമാണ് അന്ന് കൊണ്ടുപോയിരുന്നത്. ഇത്തവണ നല്ല മഴ കിട്ടിയതിനാൽ ഷട്ടർ നേരത്തെ തുറക്കുകയായിരുന്നു. 127.2 ആണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജല നിരപ്പ്.