ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പൊയസ് ഗാര്‍ഡനിലെ വീട്ടിലെ ശശികലയുടെ മുറിയില്‍നിന്ന് രഹസ്യ രേഖകള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍. പുകയില അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയലളിതയ്ക്ക് ആദായ നികുതി വകുപ്പ് കൈമാറിയ രഹസ്യ വിവരമടങ്ങിയ കുറിപ്പാണ് ശശികലയുടെ മുറിയില്‍നിന്ന് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിലാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ നവംബറില്‍ വേദനിയലത്തില്‍ നടത്തിയ പരിശേധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. രഹസ്യ വിവരമടങ്ങിയ കുറിപ്പ് ആദായ നികുതി വകുപ്പ് ഡിജിപിയ്ക്കും അദ്ദേഹം അന്നത്തെ മുഖ്യമന്ത്രിയായ ജയലളിതയ്ക്കും കൈമാറുകയായിരുന്നു. എന്നാല്‍ ഇത് കണ്ടെടുത്തത് ശശികലയുടെ മുറിയില്‍നിന്നായിരുന്നു.
2017 നവംബര്‍ 17 ന് നടത്തിയ തെരച്ചിലില്‍ ലഭിച്ച കുറിപ്പില്‍ 2016 സെപ്തംബര്‍ 2 എന്നാണ് നല്‍കിയിരിക്കുന്ന തീയതി. ഡിജിപി ഒപ്പിട്ടുള്ള കുറിപ്പ് അയച്ചിരിക്കുന്നത് അന്നത്തെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറാണെന്നും ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ബാബു വര്‍ഗ്ഗീസ് വ്യക്തമാക്കി.
നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട കേസില്‍ ഡിഎംകെ എംഎല്‍എ അമ്പഴകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തമിഴ്‌നാട്ടില്‍ 2013 മുതല്‍ നിരോധിച്ചതാണ്. എന്നാല്‍ ഇത് സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2016 ജൂണില്‍ പുകയില ഉത്പാദകരിലൊരാളായ മാധവറാവുവിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആണ് മൂന്ന് വര്‍ഷമായി തുടര്‍ന്ന കോടികളുടെ അഴിമതി വ്യക്തമാകുന്നത്.
