കണ്ണൂര്‍: കണ്ണൂരില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ മറവില്‍ പലരില്‍ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയ സ്‌കൂളധ്യാപിക അറസ്റ്റില്‍. നാറാത്ത് സ്വദേശി ജ്യോതിയാണ് അറസ്റ്റിലായത്. ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് അധ്യാപക ജോലിക്കൊപ്പം തട്ടിപ്പും നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സ്ഥലവും കെട്ടിടങ്ങളും വാങ്ങി മറിച്ചു വില്‍ക്കുന്നതായിരുന്നു അധ്യാപക ജോലിക്ക് പുറമെ ജ്യോതിയുടെ തൊഴില്‍. വന്‍തുകയ്ക്കുള്ള കൈമാറ്റങ്ങള്‍ക്ക് പണം തികയാതെ വരുന്ന സാഹചര്യത്തില്‍ മറ്റുള്ളവരെ സമീപിച്ച് തെറ്റിദ്ധരിപ്പിച്ച് ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങും. ഇതിന് ശേഷം തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് പതിവ്. തളിപ്പറമ്പ് പൂവത്തെ ഒന്നരയേക്കര്‍ ഇടപാടിനായി മുകുന്ദനെന്നയാളില്‍ നിന്ന് വാങ്ങിയ 40 ലക്ഷം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിനിരയായ നിരവധി പേരാണ് ഇതിനോടകം പൊലീസിനെ സമീപിച്ചിരിക്കുന്നത്. കേസും നിലവിലുണ്ട്.
കതിരൂരില്‍ ഇവര്‍ക്ക് 20 ലക്ഷം രൂപ നല്‍കിയ കുഞ്ഞിക്കൃഷ്ണനെന്നയാള്‍ മകളുടെ വിവാഹം മുടങ്ങി ആത്മഹത്യ ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂരിലെ ഫ്ലാറ്റില്‍ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. യാത്രകള്‍ക്കായി ഇവരുപയോഗിച്ച ടാക്‌സിയുടെ ഡ്രൈവറും തനിക്ക് നാല് ലക്ഷം രൂപ ഇവരില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചിട്ടുണ്ട്.
