ബുക്കിൽ എഴുതിയപ്പോൾ വളഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഒന്നാം ക്ലാസുകാരനെ ചൂരലുകൊണ്ട് പുറത്തടിച്ചത്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ടീച്ചർ മർദിച്ച സംഭവത്തില്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനും സസ്‌പെൻഷൻ. ഹെഡ്മാസ്റ്റര്‍ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്‌പെൻഡ് ചെയ്തത്. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനാലുമാണ് സസ്‌പെൻഷൻ. സംഭവം മാപ്പുപറഞ്ഞ് ഒത്തുതീർക്കാനായിരുന്നു ഇയാളുടെ ശ്രമം. 

വിദ്യാര്‍ത്ഥിയെ അടിച്ച ടീച്ചർ ഷീലയെയും ഡി.ഡി.ഇ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ടീച്ചറെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ബുക്കിൽ എഴുതിയപ്പോൾ വളഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഒന്നാം ക്ലാസുകാരനെ ചൂരലുകൊണ്ട് പുറത്തടിച്ചത്. കുട്ടിയുടെ പുറത്ത് 12 പാടുകളാണുണ്ടായിരുന്നത്. ഹരീഷിനെ കുളിപ്പിക്കുമ്പോഴാണ് പാടുകൾ അമ്മ ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിക്ക് വേദന സഹിക്കാതായതോടെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.