കൊല്ലം: വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച കേസിൽ‍ പ്രതികളായ കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂളിലെ രണ്ട് അധ്യാപികമാരും ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണകുറ്റം കൂടാതെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രാകാരവും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

മരിച്ച ഗൗരിയുടെ ക്ലാസ്ടീച്ചര്‍ സിന്ധു, മറ്റൊരു അധ്യാപിക ക്രസന്‍റ് എന്നിവര്‍ ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്നമാണ് സ്കൂളിലുണ്ടായതെന്നും തങ്ങള്‍ക്ക് ഗൗരിയുടെ മരണത്തില്‍ യാതൊരു പങ്കും ഇല്ലെന്ന് ഇവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം നേരത്തെ ഉണ്ടായിരുന്ന ആത്മഹത്യാ പ്രേരണ കുറ്റത്തിന് പുറമേ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചേര്‍ത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ട് അധ്യാപകരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഗൗരിയെ ആദ്യം ചികിത്സച്ച കൊല്ലത്തെ ബെൻസിഗര്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്കൂള്‍ അനിശ്ചതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്കൂളിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.