കൊല്ലം: കൊട്ടിയത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി പരാതി. പരവൂര്‍ സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തെങ്കിലും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസിനായിട്ടില്ല. കാവ്യയുടെ മരണത്തിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍
കഴിഞ്ഞമാസം 24നാണ് കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികയായിരുന്ന കാവ്യ ലാലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ മാമ്മൂട്ടില്‍ പാലത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ് വര്‍ഷമായി പ്രണയിച്ചിരുന്ന യുവാവ് ഒഴിവാക്കിയതിലെ മനോവിഷമം കൊണ്ടാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വീട്ടുകാര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും വിവാഹം നടത്താന്‍ ഭീമമായ തുക യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കാവ്യയുടെ അമ്മ പറയുന്നു.
ഇത് നല്‍കാനുള്ള സാന്പത്തിക ശേഷി ഇല്ലെന്ന് കണ്ടതോടെ കാവ്യയെ ഇയാള്‍ ഒഴിവാക്കുകയായിരുന്നു. ഫോണ്‍ വിളിച്ചാലും എടുക്കാതെയായി. തുടര്‍ന്ന് ജൂലൈയില്‍ കാവ്യ ഇയാള്‍ പഠിക്കുന്ന സ്ഥാപനത്തിലും വീട്ടിലും പോയി കാണാന്‍ ശ്രമിച്ചെങ്കിലും ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് കാവ്യയെ മര്‍ദിച്ചതായും പരാതിയുണ്ട്.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ആത്ഹത്യ പ്രേരണക്ക് കേസെടുത്തതല്ലാതെ യുവാവിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതി. എന്നാല്‍ യുവാവ് ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം
