ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ചണ്ഡിഗഡ്: 19കാരന്റെ ബലാത്സംഗ ശ്രമം തടഞ്ഞ 75കാരിയുടെ വായിൽ തുണി തിരുകിയ ശേഷം തലക്കടിച്ചു കൊന്നു. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ എന്ന യുവാവിനെയും ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; രാജയുടെ വീടിന് സമീപമുള്ള കടയിൽ നിന്നാണ് വയോധിക പതിവായി പാല്‍വാങ്ങാറുണ്ടായിരുന്നത്. സംഭവദിവസം പാൽക്കാരൻ കടയിൽ എത്താൻ വൈകിയതിനാൽ തനിക്കുള്ള പാല്‍ വാങ്ങി വയ്ക്കാന്‍ പറയാനായി വയോധിക രാജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടില്‍ വാതിൽ തുറന്ന 19 വയസുകാരന്‍ രാജ, വീടിനകത്തേക്ക് അവരെ പിടിച്ച് വലിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് പ്രതിരോധിച്ച വയോധിക രാജയെ ചീത്ത പറയാനും അടിക്കാനും തുടങ്ങി.

ഇതോടെ പരിഭ്രാന്തനായ രാജ വയോധികയുടെ ഷാൾ വായിൽ തിരുകി കയറ്റിയ ശേഷം അടുത്തുണ്ടായിരുന്ന കല്ലുപയോഗിച്ച് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഇവർ മരിച്ചുവെന്ന് മനസിലാക്കിയ രാജ മൃതശരീരം വലിച്ചിഴച്ച് മുപ്പത് മീറ്റര്‍ അകലെയുള്ള വയോധികയുടെ വീട്ടുവളപ്പിൽ കൊണ്ടിട്ടു. ഈ സമയം മാർക്കറ്റിൽ പോയിരുന്ന അമ്മ തിരികെയെത്തിയപ്പോള്‍ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ട് രാജയെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞതോടെ മകനെ രക്ഷിക്കാനായി അവർ വരാന്തയും റോഡിന്റെ കുറച്ചുഭാഗങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു. ശേഷം ഇരുവരും ഹരിപ്പുരിലുള്ള ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു.

പിറ്റേ ദിവസം വീടിന്റെ സമീപത്തുനിന്ന് വയോധികയുടെ മൃതശരീരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ തെളിവുകളെല്ലാം രാജയുടെ നേരെ വിരൽ ചൂണ്ടുകയായിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ നിന്ന് രാജയെയും അമ്മയെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ രാജ
കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സംഭസ്ഥലത്തെ രക്തം കഴുകിക്കളഞ്ഞ് മകനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് രാജയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.