മുംബൈ: അമിതമായി ഫോണിൽ സമയം ചെലവഴിച്ചതിൽ രോക്ഷം പൂണ്ട പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. ശരീരത്തിന്റെ എഴുപത് ശതമാനവും പൊള്ളലേറ്റ പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിൽ പിതാവ് മുഹമ്മദ് മന്‍സൂരിയെ(40) പൊലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പല്‍ഗാറിലെ വീട്ടിൽ വെച്ചാണ് മുഹമ്മദ് മകളെ തീ കൊളുത്തിയത്. പതിനാറുകാരിയായ മകൾ എപ്പോഴും ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലി പിതാവ് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയൽ വാസികൾ പറയുന്നു. സംഭവ ദിവസവും പതിവ് പോലെ അച്ഛനും മകളും വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. ഇതിൽ രോഷം പൂണ്ട മുഹമ്മദ് 
മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് പെൺകുട്ടിയെ   ആശുപത്രിയിലെത്തിച്ചത്.