മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്ലും ഐഡിയ, വോഡഫോണ്‍ എന്നിവയുമാണ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെതിരെ ടെലികോം പരാതി പരിഹാര ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇന്റര്‍നെറ്റ്, കോള്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ജിയോയുടെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പരാതി. 90 ദിവസത്തിനപ്പുറം പ്രമോഷണല്‍ ഓഫറുകള്‍ അനുവദിക്കാന്‍ പാടില്ലെന്ന് കമ്പനികള്‍ വാദിച്ചു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ട്രായ്ക്ക് കമ്പനികള്‍ പരാതി നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പലേറ്റ് അതോരിറ്റിയെ സമീപിച്ചത്.
ഓഫറുകളുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച ട്രിബ്യൂണല്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ട്രായ്ക്ക് നിര്‍ദ്ദേശം നല്‍കി. കമ്പനികള്‍ ചൂണ്ടിക്കാട്ടിയ വിവിധ വശങ്ങള്‍ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ട്രായ്ക്ക് നിര്‍ദ്ദേശം. ഓഫര്‍ സ്റ്റേ ചെയ്യണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും അത് ട്രിബ്യൂണല്‍ അംഗീകരിച്ചില്ല. എന്നാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുമെന്നതിനാല്‍ കേസിന്റെ വിധി എന്തുതന്നെ ആയാലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
