കുളങ്കര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പതിനഞ്ചേക്കര്‍ നിലം ഇനി പാടശേഖരമാവുകയാണ്. കരിമരുന്ന് മണം നിറയ്ക്കുന്ന പൂരക്കാലത്തിന് ശേഷം തരിശായി കിടക്കുന്ന മണ്ണില് നിന്നും ചേറിന്റെ ഗന്ധമുയര്‍ന്നു കഴിഞ്ഞു. ഇവിടെ പാടങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കുന്നത് മേഖലയിലെ ജൈവകര്‍ഷകരുടെ കൂട്ടായ്മയായ കറ്റയാണ്. 12 ഇനം ഔഷധനെല്ലുകളാണ് ഇവിടെ കൃഷി ചെയ്യാന്‍ പോകുന്നത്. അവയുടെ ഞാറ്റടി തയ്യാറാക്കല്‍ പൂര്‍ത്തിയായി. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഞാറുനടീല്‍ ഉത്സവമാക്കാനൊരുങ്ങുകയാണ് ജൈവകര്‍ഷകര്‍. ഇവിടെ കൃഷി ചെയ്യുന്ന നെല്ലിനങ്ങള്‍ക്കും പ്രത്യേകതയേറെയുണ്ട്. അപൂര്‍വമായ ഔഷധനെല്ലുകളാണ് കുളങ്കര പാടശേഖരത്ത് വിളയാന്‍ പോകുന്നത്.

ഇത്രയും കാലം തരിശിട്ട നിലം കൃഷിയിടമാക്കുന്നതിനെ കുറിച്ച് ക്ഷേത്രക്കമ്മിറ്റിക്കാര്‍ക്ക് പറയാനുള്ളത് ഇങ്ങനെ. കുളങ്കര ക്ഷേത്രക്കമ്മിറ്റിക്കാരുടെ തീരുമാനത്തെ മാതൃകാപരം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. കരിമരുന്നിനായി കോടികള്‍ മുടക്കുന്ന മറ്റ് ആരാധാനാലയങ്ങളുടെ ചുമതലക്കാരും ഈ രീതിയിലേക്ക് വഴിമാറിയാല്‍ ഭക്ഷ്യസ്വയം പര്യാപ്തമായ കാര്‍ഷികകേരളമെന്നത് വെറും വാക്കുകളില്‍ മാത്രമാകില്ലെന്ന് പ്രതീക്ഷിക്കാം.