കോട്ടയം: അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണപരമ്പര നടത്തിവന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. വിവിധ ജില്ലകളില്‍ നടത്തിയ മോഷണക്കേസുകളില്‍ പ്രതിയായ 27കാരനായ കോട്ടയം മണര്‍കാട് സ്വദേശി ശരണ്‍ ശശിയാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷന് സമീപമുള്ള പള്ളിയുടെ കുരിശടിക്ക് അടുത്തുവെച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കുരിശടി തകര്‍ത്ത് പണം കവരാനുള്ള ശ്രമത്തിനിടെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസിലും പ്രതി താന്‍ തന്നെയെന്ന് ശരണ്‍ പൊലീസിനോട് സമ്മതിച്ചു. പത്തുകേസുകളാണ് ഇതോടെ ചുരുളഴിഞ്ഞത്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, വാകത്താനം സ്‌റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകളുള്ളത്. ജില്ലയിലെ ദേവലോകം, കുറിച്ചി, തൃക്കൊടിത്താനം എന്നിവടങ്ങളിലെ ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് പണം അപഹരിച്ച സംഭവത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. 

കൂടാതെ ചെങ്ങന്നൂര്‍, ആറാട്ടുപുഴ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളിലായി കാണിക്ക വഞ്ചിയുമാണ് ഇയാള്‍ കൂട്ടാളിയുമൊത്ത് വിവിധ ജില്ലകളിലായി യാത്ര ചെയ്ത് ഒടുവില്‍ അര്‍ത്ഥരാത്രിയില്‍ മോഷണം നടത്തുന്ന ഇയാളുടെ പ്രധാന ആയുധം ഇരുമ്പ് കമ്പിയും ഉളിയുമാണ്. പകല്‍ സമയം, ബൈക്കില്‍ കറങ്ങി നടന്ന് പ്രദേശത്തെ കാണിക്കവഞ്ചിയും കുരിശടികളും നോട്ടമിട്ട് വെക്കും. പിന്നീട് ആയുധവുമായെത്തി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കവര്‍ച്ച നടത്തുകയാണ് രീതി. അമ്പലങ്ങളിലും പള്ളികളിലും മാത്രം കവര്‍ച്ച നടത്തി ക്ഷേത്രക്കള്ളനെന്ന പേരും ഇതിനോടകം ഇയാള്‍ നേടിക്കഴിഞ്ഞു. പിടിയിലായ ശരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.