കാണാതായവരിൽ ആറ് പൊലീസുകാർ, രണ്ട് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് പ്രദേശവാസികൾ എന്നിവരാണുളളത്. പൊലീസ് പോസ്റ്റിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആകെയുണ്ടായിരുന്ന ഇരുപത് പേരിൽ പത്ത് പേർ രക്ഷപ്പെട്ടു.
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയിൽ ആറ് പൊലീസുകാരുൾപ്പെടെ പത്ത് പേരെ കാണാതായതായി റിപ്പോർട്ട്. ശ്രീനഗർ-ജമ്മുകാശ്മീർ ദേശീയ പാതയിൽ ജവഹർ ടണലിന് സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് അപകടമുണ്ടായത്. കാണാതായവരിൽ ആറ് പൊലീസുകാർ, രണ്ട് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് പ്രദേശവാസികൾ എന്നിവരാണുളളത്. പൊലീസ് പോസ്റ്റിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആകെയുണ്ടായിരുന്ന ഇരുപത് പേരിൽ പത്ത് പേർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഏജൻസികൾ എല്ലാവരും രംഗത്തെത്തിയതായി പൊലീസ് അറിയിച്ചു. പ്രശ്നബാധിത പ്രദേശത്ത് നിന്ന് 78 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ജമ്മു കാശ്മീരിലെ 22 ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിമാന സർവ്വീസുകൾ, റോഡ് ഗതാഗതം എന്നിവ റദ്ദാക്കി. പ്രദേശത്ത് പലയിടത്തും വൈദ്യുതി ലഭ്യതയും ഇല്ലാതായിട്ടുണ്ട്.
