ശ്രീനഗറിലെ ത്ധലം വാലി മെഡിക്കല്‍ കോളേജിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍-മുസാഫറാബാദ് ഹൈവേയിലായിരുന്നു ആക്രമണം. ബാരമുള്ളയില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക സംഘത്തേയാണ് ഭീകരര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യം മേഖല വളഞ്ഞെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു.
ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ 9.2 മീറ്ററുള്ള റോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയുണ്ടായ ആക്രമണം ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. സംസ്ഥാനമാകെ സുരക്ഷയും തീവ്രവാദികള്‍ക്കായുള്ള തെരച്ചിലും ശക്തമാക്കി. അതിനിടെ വാണിജ്യ കേന്ദ്രമായ ലാല്‍ ചൗക്കില്‍ വെടിയൊച്ച കേട്ടത് പരിഭ്രാന്തിയുണ്ടാക്കി. ഹോട്ടലില്‍ അതിക്രമിച്ചു കയറി മുഖം മൂടിയണിഞ്ഞ് വെടിവച്ച മാനസിക വൈകല്യമുള്ളയാളെ സൈന്യം പിടികൂടി പൊലീസിലേല്‍പ്പിച്ചു. ലാല്‍ ചൗക്കിലെ കടകള്‍ അടച്ചു. സംഘര്‍ഷ മേഖലകളില്‍ വീടിന് പുറത്തിറങ്ങരുതെന്ന് നാട്ടുകാര്‍ക്ക് സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
