തുടക്കത്തിൽ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ രാഷ്ട്രീയസമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനചലനം.

തിരുവനന്തപുരം: തബല വായിച്ചുകൊണ്ടായിരുന്നു കെഎസ്ആർടിസി എംഡിയായുള്ള തച്ചങ്കരിയുടെ തുടക്കം. കണ്ടക്ടറും സ്റ്റേഷൻ മാസ്റ്ററുമൊക്കെയായുള്ള വേഷപകർച്ചകൾക്കൊപ്പം നിരവധി പരിഷ്ക്കാരങ്ങളും തച്ചങ്കരി നടപ്പാക്കി. 

ഡ്യൂട്ടി പരിഷ്ക്കാരങ്ങളും ബസ് വാടകക്കെടുക്കലും മിന്നൽ സമരം മൂലമുള്ള നഷ്ടം യൂണിയൻ നേതാക്കളുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം ശക്തമായ എതിർപ്പിനിടയാക്കി. ഇടത് യൂണിയൻ നേതാക്കൾ പരസ്യമായി എംഡിക്കെതിരെ രംഗത്തുവന്നു.

സിപിഎം സെക്രട്ടറിയേറ്റിലും തച്ചങ്കരിയെ മാറ്റണമെന്ന അഭിപ്രായം ഉയർന്നു. കെഎസ്ആർടിസി ഡയറക്ടർ ബോ‍ർഡിലെ പാർട്ടി അംഗങ്ങളും തച്ചങ്കരിയെ മാറ്റാൻ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ വകവെക്കാതെ കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളുമായി എംഡി മുന്നോട്ട് പോയി.

തുടക്കത്തിൽ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ രാഷ്ട്രീയസമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനചലനം. കാൽ നൂറ്റാണ്ടിന് ശേഷം ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്നും കെഎസ്ആർടിസി ശമ്പളത്തിനുള്ള തുക കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശിനാണ് പകരം ചുമതല. യൂണിയനുകളുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിതന്നെയാണ് തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനമെടുത്തത്. ഒന്നും പറയാനില്ലെന്നായിരുന്നു ടോമിൻ തച്ചങ്കരിയുടെ പ്രതികരണം. ഇടത് സർക്കാർ വന്ന ശേഷം കെഎസ്ആർടിസിയിൽ നിന്നും പുറത്താകുന്ന നാലാമത്തെ എംഡിയാണ് തച്ചങ്കരി.