തായ്ലാന്‍റ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി
ബാങ്കോക്ക്: തായ്ലാന്റിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഒന്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവർത്തനം തുടങ്ങി. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം വേഗത്തിൽ തുടങ്ങാനാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ തീരുമാനം. ആവശ്യമായ ഓക്സിജൻ ടാങ്കുകൾ എത്തിയാലുടൻ രക്ഷാപ്രവർത്തനം പുനരാരാംഭിക്കാനാകുമെന്നാണ് സംഘം കരുതുന്നത്. ഇന്നലെ പ്രതീക്ഷിച്ചതിലും വേഗത്തിൽ നാല് കുട്ടികളെ ഗുഹയിൽ നിന്നും പുറത്തെത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ.
പുറത്തെത്തിയ കുട്ടികളുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നാലുപേരും ചിയാങ് റായിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് ഡൈവർമാരാണ് ഒരോ കുട്ടിയോടുമൊപ്പം ഗുഹയിലെ ദുർഘടമായ വഴികളിൽ അനുഗമിക്കുന്നത്.
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹയുടെ പുറത്തുവകെ കയര് കെട്ടിയിട്ടുണ്ട്. നീന്തൽ വസ്ത്രങ്ങൾ ധരിച്ച കുട്ടികളുടെ മുന്നിലും പിന്നിലുമായി ഡൈവർമാർ. ഇവരിലൊരാളുടെ കയ്യിൽ ഓക്സിജൻ ടാങ്ക്. ഗുഹാമുഖം വരെയുള്ള കയറിൽ പിടിച്ച് ഇവർ പുറത്തേക്കെത്തും. ഇതേ രീതി തന്നെ ഇന്നും ആവർത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ പദ്ധതി. ഗുഹയിലെ ഇടുങ്ങിയ വഴികളും ചെളി നിറഞ്ഞ പാതയും ഉയരുന്ന ജലനിരപ്പും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
