ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം, ആക്രമണം നടത്തിയ യുവാവ് പിന്നീട് സ്വയം വെടിവച്ച് മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്‍റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവ് കൊലപ്പെടുത്തിയവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.

ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച് എത്തിയ സുചീഫ് പാര്‍ലറില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒമ്പത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരേയും സുചീഫ് വകവരുത്തിതെന്ന് ഫാട്ടോ പോലീസ് ചീഫ് ലഫ് കേണല്‍ ലാര്‍പ് കംപാപന്‍ പറഞ്ഞു. 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 

മിക്കവരുടെയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.