Asianet News MalayalamAsianet News Malayalam

തലശ്ശേരി ഫസൽ വധം; കൊന്നത്​ തങ്ങളാണെന്ന്​ ആർഎസ്​എസ്​ പ്രവർത്തകന്‍റെ മൊഴി

Thalasseri Fasal Murder
Author
First Published Nov 21, 2016, 12:05 PM IST

വാളാങ്കിച്ചാലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി സുബീഷിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെ ഫസൽ വധത്തിന് പിന്നിൽ തങ്ങളാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവരാണ് തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് സുബീഷ് വെളിപ്പെടുത്തി.  ഇയാളുടെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും കണ്ണൂർ ജില്ലാ പൊലീസ് മേധാവി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറിയിട്ടുണ്ട്.

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻ.ഡി.എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂരിൽ പ്രവേശിക്കുന്നതിനുളള വിലക്ക് തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഇരുവർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനവും രാജിവെക്കേണ്ടിയും വന്നു.പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഇനിയുളള നീക്കങ്ങള്‍ നിർണായകമാവും. ഫസൽ കേസിൽ പ്രതിരോധത്തിലായിരുന്ന സിപിഐഎമ്മിന് പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ നേട്ടമാകും.
 

Follow Us:
Download App:
  • android
  • ios