മലപ്പുറം: തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ ജാനകി പൊലീസിന് മുന്നില്‍ മൊഴിമാറ്റി.മരിച്ച സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണനുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നാണ് ജാനകി മൊഴി നല്‍കിയത്. അതേസമയം മറ്റുപ്രതികളുടെ സമ്മര്‍ദമാണ് മൊഴിമാറ്റത്തിന് പുറകിലെന്നും കേസിനെ ബാധിക്കില്ലെന്നുമാണ് പൊലീസ് നിലപാട്. ജാനകിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും.
സ്വത്തുക്കള്‍ തട്ടിയെടുക്കാനായി, ബാലകൃഷണനുമായി തന്റെ വിവാഹം നടന്നതായി സഹോജരി ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കിയെന്നാണ് ജാനകി നേരത്തെ മൊഴി നല്‍കിയിരുന്നത്. വിഠോഭാ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നുവെന്നായിരുന്നു ജാനകിയെ ഉപയോഗിച്ച് ശൈലജയും ഭര്‍ത്താവും വ്യാജരേഖ ഉണ്ടാക്കിയത്. തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം ചെയ്തത് ശൈലജയും ഭര്‍ത്താവും ആണെന്നും ഇതില്‍ ജാനകി പറഞ്ഞു. ജാനകിയുടെ ഈ കുറ്റസമ്മതമൊഴിയോടെയായിരുന്നു സ്വത്ത് തട്ടിപ്പ് കേസില്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായത്.
എന്നാല്‍ ബാലകൃഷ്ണന്റെ മരണം അന്വേഷിക്കുന്ന തൃശൂര്‍ ക്രൈ ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് ജാനകിയുടെ പുതിയ മൊഴി. താനുമായി ബാലകൃഷ്ണന്റെ വിവാഹം നടന്നുവെന്നാണ് മൊഴിയില്‍ ജാനകി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് കേസിനെ നേരിട്ട് ബാധിക്കില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. മാത്രവുമല്ല, പ്രതിയുടെ മൊഴിയല്ല, കേസിലെ തെളിവുകളാണ് പ്രധാനമെന്നും പൊലീസ് വ്യക്തമാക്കി.
ശൈലജയടക്കമുള്ള മറ്റു പ്രതികളുടെ സമ്മര്‍ദം മൂലമാണ് മൊഴി മാറ്റമെന്നും പൊലീസ് പറയുന്നു. നിലവില്‍ ജാമ്യത്തില്‍, ബന്ധുവീട്ടില്‍ കഴിയുന്ന ജാനകിയെ പ്രതികള്‍ ഇനിയും സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജാനകിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരങ്ങുകയാണ് പൊലീസ്. സ്വത്ത് തട്ടിപ്പ് കേസ് തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐയും ബാലകൃഷ്ണന്റെ മരണം തൃശൂര്‍ ക്രൈ ഡിറ്റാച്മന്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലും വെവ്വേറെയാണ് അന്വേഷിക്കുന്നത്.
