പുൽവാമ ഭീകരാക്രമണത്തിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകി. ആക്രമിച്ചവരെ വെറുതെ വിടില്ല. 

യാവത്‍മാൽ: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യാവത്‍മാലിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

'നിങ്ങളുടെ രോഷം ഞാൻ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രൻമാരും ഭീകരാക്രമണത്തിൽ ജീവൻ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകൾ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും.' പ്രധാനമന്ത്രി പറഞ്ഞു.

ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല. രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും - മോദി പറഞ്ഞു. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞതായി മോദി ആവർത്തിച്ചു. ആഭ്യന്തര സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

Scroll to load tweet…

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Scroll to load tweet…