സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എന്‍ സായി ബാലാജിക്ക് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു.

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ സംയുക്ത ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എയുടെ വിജയത്തിന് പുറകേ കോളേജ് ഹോസ്റ്റലില്‍ അക്രമണം. ഇന്നലെ രാത്രിയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആര്‍എസ്എസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി അനുഭാവികളായ വിദ്യാര്‍ത്ഥികളും എഐഎസ്എ അനുഭാവികളായ വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു സംഘര്‍ഷം.

എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി സര്‍വ്വകലാശാലയിലെ പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും കഴിഞ്ഞ ദിവസം എഐഎസ്എ വിജയിച്ചിരുന്നു. സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എന്‍ സായി ബാലാജിക്ക് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു. ഇരു സംഘടനകളും പരസ്പരം ആക്രമിക്കപ്പെട്ടതായി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

Scroll to load tweet…

എബിവിപി വിദ്യാര്‍ത്ഥികള്‍ മുന്‍ ജെഎന്‍യു കൗണ്‍സിലറായ അഭിനയേ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമം തടയാന്‍ കൂട്ടാക്കിയില്ലെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷീഷ്ലാ റഷീദ് ട്വീറ്റ് ചെയ്തു. എന്നാല്‍ സ്ഥിതി നിയന്ത്രണാധീനമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവദര്‍ ആര്യ പറഞ്ഞു. എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് രൂപികരിച്ച ഇടത് സഖ്യമാണ് എബിവിപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.