ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത 49 പേരുടെ തിമിര ശസ്ത്രക്രിയ സൗജന്യായി നടത്തുവാനും ആശുപത്രി ജീവനക്കാരുടെ ആത്മമാര്‍ത്ഥമായ ഇടപെടലിലൂടെ സാധിച്ചു.

ഇടുക്കി: കാഴ്ചയുടെ നിത്യവസന്തത്തെ അറിയാതെ പോയവര്‍ക്കും കാഴ്ച്ചയ്ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായവര്‍ക്കും വേണ്ടി അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാര്‍ നടത്തിയ ഇടപെടല്‍ ഒരു നാടിന്റെ ആരോഗ്യകരമായ കാഴ്ച്ചയില്‍ വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. ലോക ഒക്ടോമെട്രിക് ദിനത്തിന്റെയും ലോക ഗ്ലൈക്കോമാ ദിനത്തിന്റെയും ഭാഗമായാണ് അടിമാലി താലൂക്കാശുപത്രിയിലെ നേത്രരോഗ വിഭാഗം ജീവനക്കാര്‍ കാഴ്ച്ച വൈകല്യമുള്ള രോഗികള്‍ക്ക് ആശ്വാസം പകരാനായി പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

കഴിഞ്ഞ ആറുമാസക്കാലയളവില്‍ സൗജന്യമായി നിരവധി ക്യാമ്പുകളാണ് നടത്തിയത്. ഇതുവഴി കാഴ്ച്ച വൈകല്യമുള്ള 225 രോഗികളെ കണ്ടെത്തി സൗജന്യ കണ്ണടകള്‍ വിതരണം ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുഷമ പറഞ്ഞു. കുരുവിളാ സിറ്റി ഗുഡ്‌സെമിരറ്റന്‍, ആതുരാശ്രമം, പടമുഖം, സ്‌നേഹമന്ദിരം, ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം, ആനച്ചാല്‍ ലിറ്റില്‍ഫ്‌ളവര്‍ മേഴ്‌സി ഹോം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് കാഴ്ച്ച വൈകല്യമുള്ള രോഗികളെ കണ്ടെത്തിയത്.

രോഗികള്‍ക്ക് കണ്ണടകള്‍ വാങ്ങി നല്‍കുന്നതിനുള്ള 80 ശതമാനം തുകയും ഒക്ടോമെട്രിസ്റ്റുകള്‍ സംഭാവന ചെയ്തു. ബാക്കി തുക പൊതുസമൂഹത്തില്‍ നിന്നും കണ്ടെത്തി. അന്ധതാ നിയന്ത്രണ സൊസൈറ്റിയുടെയും സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും സഹകരണം ക്യാമ്പുകള്‍ സംഘടിപ്പിക്കുതിനും ഫലപ്രദമാക്കുതിനും സാധിച്ചു. ഇത്തരത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത 49 പേരുടെ തിമിര ശസ്ത്രക്രിയ സൗജന്യായി നടത്തുവാനും ആശുപത്രി ജീവനക്കാരുടെ ആത്മമാര്‍ത്ഥമായ ഇടപെടലിലൂടെ സാധിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പുറമേ രോഗികളുടെ ഇടങ്ങളില്‍ അവരെ തേടിച്ചെന്ന് ചികിത്സ നടത്തിയ രീതി ഇടുക്കി ജില്ലയില്‍ വിജയം കണ്ടുവെന്ന് ജീവനക്കാര്‍ പറഞ്ഞു.