ലണ്ടന്‍: പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പല രാജ്യങ്ങളിലും ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് പഠനം. ഇംപീരിയല്‍ കോളജ് ലണ്ടന്‍, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് 2030ഓടെ 35 വ്യവസായിക രാജ്യങ്ങളിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ലാന്‍സന്‍റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
കൂടുതല്‍ വരുമാനമുള്ള രാജ്യങ്ങളായ യു.എസ്, കാനഡ, യു.കെ, ജര്‍മനി, ആസ്ട്രേലിയ തുടങ്ങി വികസ്വരരാജ്യങ്ങളായ പോളണ്ട്, മെക്സികോ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലും സംഘം പഠനം നടത്തിയിരുന്നു. ഈ പഠനങ്ങളെ അടിസ്ഥാനമാക്കി 2030ഓടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദക്ഷിണ കൊറിയയായിരിക്കും ഇതില്‍ മുന്‍പന്തിയില്‍. ദക്ഷിണ കൊറിയയില്‍ 2030ഓടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 90ലധികമായേക്കാം. ഇവിടെ 2030ല്‍ ജനിക്കുന്ന പെണ്‍കുഞ്ഞ് 90.8 വര്‍ഷം വരെ ജീവിച്ചേക്കാമെന്നും പഠനം പറയുന്നു.
ആണ്‍കുട്ടികള്‍ക്ക് 84.1 വര്‍ഷമാണ് ശരാശരി ആയുസ്. 2030ല്‍ ദക്ഷിണ കൊറിയയില്‍ 65 വയസ്സ് പ്രായമുള്ളയാള്‍ക്ക് 27.5 വര്‍ഷം കൂടി അധിക ആയുസ്സുണ്ടാകും. കുട്ടിക്കാലത്തെ നല്ല പോഷകാഹാരം, കുറഞ്ഞ രക്തസമ്മര്‍ദം, കുറഞ്ഞ അളവിലുള്ള പുകവലി, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രപരമായ അറിവ് എന്നിവയാകാം ദക്ഷിണ കൊറിയയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്‍ വര്‍ധനവുണ്ടാവാന്‍ കാരണമെന്ന് ഇംപീരിയല്‍ കോളജ് ലണ്ടനിലെ പ്രഫ. മാജിദ് എസ്സാദി അഭിപ്രായപ്പെട്ടു.
