ഇടുക്കി: കുണ്ടളയില്‍ ഉദ്ഘാടന ചടങ്ങിനിടെ താല്ക്കാലിക ബോട്ടുജെട്ടി തകര്‍ന്നു. ദ്ഘാടകനായ മന്ത്രി എം.എം മണിയും സംഘവും വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ടു. കെഎസ്ഇബി ഹൈഡല്‍ ടൂറിസം വിഭാഗം ആരംഭിച്ച സോളാര്‍ ബോട്ടുകളുടെ ഉത്ഘാടനത്തിനായി കുണ്ടള ഡാമില്‍ മന്ത്രി എത്തിയപ്പോഴാണ് സംഭവം. മന്ത്രിയും സംഘവും താല്‍ക്കാലികമായുണ്ടാക്കിയ ബോട്ട് ജട്ടിയില്‍ കയറി. നാടമുറിക്കുന്നതിനിടെ ജെട്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. 

വെള്ളത്തിലേക്ക് വീഴാനൊരുങ്ങിയ മന്ത്രിയെയും സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. അതുവരെ മന്ത്രി മുട്ടറ്റം വെള്ളത്തില്‍ നിന്നു. പുതിയ സോളാര്‍ ബോട്ട് എത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്. മന്ത്രി താല്‍ക്കാലിക ബോട്ട് ജട്ടിയില്‍ കയറുന്ന കാര്യം കെഎസ്ഇബി പൊലീസിനെ അറിയിച്ചിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടന്‍ പരിശോധന നടത്തി. വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ മന്ത്രിയെ ബോട്ട് ജെട്ടിയില്‍ കയറ്റരുതെന്ന് കെഎസ്ഇബിയോട് നിര്‍ദ്ദേശിച്ചിരുന്നു. പരാതിയില്ലെന്ന് മന്ത്രി അറിയിച്ചതിനാല്‍ കേസ്സെടുത്തിട്ടില്ല. ബോട്ടില്‍ ജലാശയത്തിലൂടെ യാത്ര നടത്തിയ ശേഷമാണ് മന്ത്രി എംഎം മണി മടങ്ങിയത്.