ജിദ്ദ: ജിദ്ദയിലെത്തുന്ന കേന്ദ്രസഹമന്ത്രി വികെ സിംഗിനെ കാത്ത് പ്രതീക്ഷയോടെ തൊഴിലാളികള്‍. തങ്ങളെ കൂടി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.സൗദിയിലെ ദമാമിലും എട്ട്മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് അറുന്നൂറ് ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ചികിത്സ ലഭിക്കാത്തതിനെതുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ ലേബര്‍കാംപില്‍ മരിച്ചു. ജിദ്ദയിലെത്തുന്ന കേന്ദ്രസഹമന്ത്രി വികെ സിംഗ് തങ്ങളെ കൂടി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിലെ 100മലയാളികളടക്കം 600 തൊഴിലാളികളാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. കഴിഞ്ഞ നവംബറില്‍ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനി അധികൃതർ പല തവണ ശമ്പള കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. റിയാദിലെയും ജിദ്ദയിലെയും തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതോടൊപ്പം തങ്ങളെകൂടി ദുരിതാവസ്ഥയ്ക്കുകൂടെ പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതിനിടയിൽ പലരുടെയും ഇക്കാമയുടെയും ഇൻഷുറൻസ് കാർഡിന്റെയും കാലാവധി തെറ്റി. ഹൃദയാഘാതം മൂലം മതിയായ ചികിത്സ ലഭിക്കാതെ കാംപില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ മലയാളി സാമൂഹിക സംഘടനകളും ഇന്ത്യൻ ബിസിനസ്സ് സംരംഭകരുമാണ് ക്യാംപിലേക്ക് ഭക്ഷണ സാധങ്ങൾ എത്തിച്ചു കൊടുക്കുന്നത്. റിയാദിലെയും ഖത്തറിലെയും കാംപുകളിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഭക്ഷണം ഉറപ്പുവരുത്തുമ്പോള്‍ തങ്ങളുടെ വിശപ്പുകൂടി മാറ്റണമെന്ന് ഇവിടുത്തെ തൊഴിലാളികള്‍ അഭ്യര്‍ത്ഥിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ പദ്ധതികള്‍ നിര്‍ത്തിവച്ചതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.