ആലപ്പുഴ: പരുമല പാതയോരം ഭിക്ഷാടന മാഫിയകള്‍ കൈയ്യടക്കി. ഭിക്ഷാടന നിരോധിത മേഖലയാക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നില്ല. പരുമല പാലത്തിന് സമീപം റോഡിന്റെ ഇരുവശങ്ങളിലും ഇരിക്കുന്ന യാചകര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. പരുമല പാതയോരത്തെ പരുമല പള്ളി, പനയന്നാര്‍കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ജനസഞ്ചാരം തടസ്സപ്പെടുത്തുന്ന നിലയില്‍ റോഡ് സൈഡുകള്‍ ഭിക്ഷക്കാര്‍ കൈയേറിയിരിക്കുകയാണ്. 

തമിഴ്നാട്, കര്‍ണ്ണാടക.ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്ന് ലോറികളില്‍ ഭിക്ഷക്കാരെ ഇവിടെ ഇറക്കി പണപിരിവ് നടത്തുന്ന ന്‍ലോബി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലെ കുഷ്ഠരോഗ ആശുപത്രികളില്‍ നിന്നും ആതുരാലയങ്ങളില്‍ നിന്നും രോഗം ഭേദപ്പെടുന്നതിന് മുമ്പ് തന്നെ പുറത്തെത്തിക്കുന്നവരെയാണ് ഇവിടെ ഭിക്ഷാടനത്തിനെത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആരാധനാലയങ്ങളിലെ ജനതിരക്കേറിയ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പരുമല പാതയോരം പൂര്‍ണ്ണമായും യാചകര്‍ കയ്യേറും.

ഭിക്ഷ കൊടുക്കാതെ പോകുന്നവരെ അസഭ്യം പറയാനും ഇവര്‍ മുതിരാറുണ്ട്. ഭിക്ഷ തേടുന്നതിനുള്ള സ്ഥലത്തിന് വേണ്ടി ഇവര്‍ തമ്മില്‍ കൈയ്യേറ്റങ്ങളും ഇവിടെ നിത്യസംഭവമാണ്. കഷ്ടിച്ച് രണ്ട് വാഹനത്തിന് കടന്ന് പോകാവുന്ന റോഡിന്റെ ഇരുവശങ്ങള്‍ ഭിക്ഷക്കാര്‍ കൈയ്യേറുന്നതോടെ ജനങ്ങള്‍ക്ക് വഴി നടക്കാനാവാത്ത അവസ്ഥയാണ്. ഇത് മണിക്കുറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. പരുമല പാലവും അനുബന്ധ സ്ഥലങ്ങളും യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.