കുടിവെള്ള ശ്രോതസ്സായ അച്ഛൻ കോവിലാറും ഇതോടെ മലിനമാവുകയാണ്.
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ അരിയന്നൂർശ്ശേരിൽ ലക്ഷം വീട് ( വരാപ്പുഴ) കോളനിയോട് ചേർന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പശു ഫാമിനെതിരെ നാട്ടുകാര്‍ രംഗത്ത്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഫാം പ്രവര്‍ത്തനം തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഫാമിനോട് ചേർന്ന് തൊട്ടടുത്തുള്ള പുത്തരിതോട്ടിലേക്കാണ് ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. ഈ തോട് അച്ചൻകോവിലാറ്റിലേക്കാണ് ചെന്നു ചേരുന്നത്.
കുടിവെള്ള ശ്രോതസ്സായ അച്ഛൻ കോവിലാറും ഇതോടെ മലിനമാവുകയാണ്. 40 സെന്റ് സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. ഫാമിനുള്ളിൽ 1500 റോളം താറാവും കോഴിക്കുഞ്ഞുങ്ങളുമുണ്ട്. ഇവയ്ക്കു പുറമേ പശു, പോത്ത് എന്നിവയും. മൃഗങ്ങളുടെ വിസർജ്യ വസ്തുക്കൾ മുഴുവനും വഹിക്കുന്നത് പുത്തരിത്തോടാണ്. ഫാമിന്‍റെ ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പരന്നൊഴുകുകയാണ്. സമീപവാസികളുടെ കിണറുകളിലേക്കാണ് വെള്ളം ഊറി ചെല്ലുന്നത്. ഫാമിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ആർ ഡി ഒ, ജില്ലാ കളക്ടർ, ഡി.എം.ഒ. വില്ലേജ് - പഞ്ചായത്ത് അധികൃതർ പി എച്ച് സെന്റർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർക്ക് പരാതിയുമായി പോയെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല.
ഫാമിനോട് ചേർന്നും, അതിന് സമീപവും ഏകദേശം 110 ഓളം കുടുബങ്ങൾ തിങ്ങിപ്പാര്‍ക്കുന്നുണ്ട് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനിൽക്കുകയാണ് ദുര്‍ഗന്ധവും കീടങ്ങളുടെ ശല്യവും അസഹനീയമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ താമസിക്കുന്ന കുഞ്ഞുങ്ങളടക്കം ശരീരമാസകലം ചൊറിഞ്ഞു പൊട്ടുകയും ഡങ്കിപ്പനി തുടങ്ങിയ അസുഖങളുടെ പിടിയിയിലാണ്. അനധികൃതമായ ഫാമിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ബയോഗ്യാസ് നിർമ്മാണത്തിനാവശ്യമായ ടാങ്ക് നിർമ്മിക്കുന്ന പ്ലാന്റായിരുന്നു ഇവിടം. ഇതിനാവശ്യമായ കെമിക്കലിന്റെ ഗന്ധവും അന്തരീക്ഷ മലിനീകരണവും കാരണം പരിസരവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. പ്ലാൻറ് പൂട്ടി. അതിനു ശേഷമാണ് സ്വകാര്യ വ്യക്തി പശു ഫാം തുടങ്ങിയത്. കാലങ്ങളായി പഞ്ചായത്തും രാഷ്ട്രീയ പാർട്ടികളും ഫാമുമായി ബന്ധപ്പെട്ട് ഉടമയുമായി സംസാരിക്കാറുണ്ടെങ്കിലും ഇവരുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ മുൻപോട്ടു പോവുകയാണെന്ന് വാർഡ് മെംമ്പർ സരസ്വതി പറഞ്ഞു.
