തൃശൂര്‍: സ്ഥിരതയില്ലാത്ത കാലാവസ്ഥയിലും പൊന്നിന്‍ നെന്മണി വിളയിച്ച കര്‍ഷകന് ആശ്വാസത്തിന് വകയില്ല. കൊയ്ത് മെതി കഴിഞ്ഞിട്ട നെല്ലില്‍ ഈര്‍പ്പം കൂടുതലെന്ന കാരണം പറഞ്ഞാണ് മില്ലുടമകള്‍ ആദ്യം ഷോക്കേല്‍പ്പിച്ചത്. വിവാദമാകും മുമ്പേ ഈര്‍പ്പം പരിശോധിച്ച് നെല്ല് സംഭരിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി. പലയിടത്തുനിന്നും സംഭരിക്കലും തുടങ്ങി.
എന്നാല്‍, നെല്ലിന്റെ തൂക്കത്തില്‍ കിഴിവ് കാണിച്ച് മില്ലുടമകള്‍ ദ്രോഹം തുടങ്ങിയതാണ് പുതിയ പ്രശ്‌നം. കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന കര്‍ശന നിബന്ധനകളാണ് മില്ലുടമകളുടെ ഭാഗത്തുനിന്നുള്ളത്. 100 കിലോ നെല്ലിന് 10 മുതല്‍ 16 കിലോ വരെ കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. തൊട്ടെണ്ണി 1000 നെന്മണി എടുത്ത് തൂക്കവും ഈര്‍പ്പവും പരിശോധിച്ച ശേഷമാണ് നെല്ല് എടുക്കണോ വേണ്ടയോ എന്ന് ഇവര്‍ തീരുമാനിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളുടെ മറപറ്റി മില്ലുടമകള്‍ കോള്‍മേഖലയിലെ കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ്. ജ്യോതി നെല്ല് കേന്ദ്ര നിബന്ധന പ്രകാരം ആയിരം മണിയുടെ തൂക്കം 28 ഗ്രാമാണ്. മറ്റിനത്തില്‍പ്പെട്ട നെല്ലിന് 26 ഗ്രാമവും. അതേസമയം, തൃശൂര്‍ കോള്‍ മേഖലയിലെ നെല്ലിനങ്ങളുടെ തൂക്കും 20 മുതല്‍ 22 വരെ മാത്രമാണ്.
കേന്ദ്ര നിബന്ധന പ്രകാരം കുറവുകാണുന്ന ഓരോ ഗ്രാമിനും ക്വിന്റല്‍ ഒന്നിന് നാല് കിലോയില്‍ കൂടുതല്‍ കിഴിവ് നല്‍കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. നെല്ലിലെ ഈര്‍പ്പം കേന്ദ്ര നിബന്ധന പ്രകാരം 14 ശതമാനം വരെയാകാം. കേരളത്തിലെ നെല്ലില്‍ അംഗീകരിക്കപ്പെട്ട 17 ശതമാനത്തില്‍ കൂടുതല്‍ ജലാംശം തൃശൂരിലെ നെല്ലിലുണ്ടെന്നാണ് മില്ലുടമകള്‍ പറയുന്നത്. ഈ കാരണം പറഞ്ഞ് മണലൂരിലെ വടക്കേ കോഞ്ചിറ കോള്‍ പാടത്തെ നെല്ല് സംഭരണം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. സപ്ലൈകോ വഴിയുള്ള സര്‍ക്കാരിന്റെ നെല്ലുസംഭരണ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമെന്നാണ് കര്‍ഷകര്‍ ഇതിനോട് പ്രതികരിച്ചത്.
പ്രതിഷേധമുയര്‍ന്നതോടെ സപ്ലൈകോ ഉദ്യോഗസ്ഥരും ജില്ലാ പാഡി ഓഫീസറും എത്തി സംഭരണം തുടങ്ങാനുള്ള നടപടിയുണ്ടാക്കി. പിറ്റേന്ന് മില്ലുടമകള്‍ വീണ്ടും ഈര്‍പ്പ പ്രശ്‌നം ചൂണ്ടിക്കാട്ടി സംഭരണം തടസപ്പെടുത്തി. ഇവര്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന യന്ത്രത്തില്‍ 30 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ പാടത്തുനിന്നുള്ള ചരക്ക് നീക്കം പാടെ നിലച്ചു. സംഭവമറിഞ്ഞ് ജില്ലാ പാഡി ഓഫീസര്‍ കെ.കെ.ആനന്ദും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എസ്.ജി.അനില്‍കുമാറും നേരിട്ടെത്തി നെല്ല് പരിശോധിച്ചു. ഇവര്‍ കൊണ്ടുവന്ന യന്ത്രത്തില്‍ അംഗീകരിക്കപ്പെട്ട ജലാംശമേ നെല്ലില്‍ രേഖപ്പെടുത്തിയിരുന്നുള്ളൂ.
എന്നാല്‍ ഇപ്പോള്‍ വീണ്ടും മില്ലുടമകള്‍ ഈര്‍പ്പത്തിന്റെയും തൂക്കത്തിന്റെയും കാര്യത്തില്‍ കേന്ദ്ര നിബന്ധന ഉയര്‍ത്തി കാട്ടിയിരിക്കുകയാണ്. ഇതോടെ ഏക്കറുകണക്കിന് വരുന്ന കോള്‍മേഖലയില്‍ കൊയ്‌തെടുത്ത നെല്ല് ചാക്കുകളില്‍ കെട്ടി കിടക്കുകയാണ്. നഷ്ടം സഹിച്ചും ചിലയിടങ്ങളിലെ കര്‍ഷകര്‍ നെല്ല് സംഭരണത്തിന് മില്ലുടമകളുടെ നിബന്ധനയ്ക്ക് കീഴ്‌പ്പെടുന്നുമുണ്ട്.
അതേസമയം, കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിബന്ധന ഇളവ് വരുത്തണമെന്നും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ 100 കിലോ നെല്ലിന് 64.5 കിലോ അരിയെന്നാണ് കണക്ക്. കേന്ദ്ര ചട്ടപ്രകാരം ക്വിന്റലിന് 68 കിലോ അരിയാണ്. സംസ്ഥാനത്തെ വിളവിനനുസൃതമായ നെല്ലിന്റെയും അരിയുടെയും അനുപാതം കേന്ദ്ര സര്‍ക്കാരും അംഗീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
