ദില്ലി: ദേര സച്ച സൗദ തലവന്‍ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ് അനുയായിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനു പിന്നാലെ കൊലപാതക കേസിലെ പുതിയ തെളിവുകളും പുറത്തുവന്നു.

ഗുര്‍മീതിനെതിരെ 2007ല്‍ ഇന്ത്യ ടി.വി നടത്തിയ ഒളിക്വാമറ ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ ദൃശ്യങ്ങള്‍ അന്ന് ഇന്ത്യ ടി.വി തന്നെ സംപ്രക്ഷണം ചെയ്യുകയും തുടര്‍ന്ന് അത് യുട്യൂബില്‍ നിന്നടക്കം നീക്കം ചെയ്യുകയുമായിരുന്നു. 

സ്റ്റിങ് ഓപ്പറേഷന്‍ നടന്ന സമയത്ത് നടത്തിയ അന്വേഷണത്തില്‍ ഗുര്‍മീതിന്റെ ഡ്രൈവര്‍ ഖട്ട സിങിന്റെ വെളിപ്പെടുത്തലാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. പീഡന ഇരയുടെ സഹോദരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുര്‍മീത് സിങ് ആണെന്ന് ഖട്ട സിങ് വെളിപ്പെടുത്തി. 

കൊല്ലപ്പെട്ട ആളും ഗുര്‍മീതിന്റെ അനുയായി ആയിരുന്നെന്നും ഖട്ട ദൃശ്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്. ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കൊലപാതക കേസിലും കോടതി വിധി വരാനിരിക്കെയാണ് അന്ന് കാണാതായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.