തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജനെതിരായ ബന്ധുനിയമ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി വി ശ്യാംകുമാറിനെയാണ് വിജിലൻസിലെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. വിജിലൻസ് എസ്‍പിക്കെതിരെ പരാതി നൽകിയ ഡിവൈഎസ്‍പി നന്ദൻപിള്ളയെയും സ്ഥലം മാറ്റി.
ഇ പി ജയരാജനെതിരായ ബന്ധുനിയമ കേസിൽ സ്വജനപക്ഷപാതവും ക്രമക്കടുമുണ്ടെന്ന് ശക്തമായ നിയമപലാടെടുത്ത ഡിവൈഎസ്പിയായിരുന്നു ശ്യാംകുമാർ. സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ്- രണ്ടിലെ ഡിവൈഎസ്പിയായിരുന്നു ശ്യാംകുമാറാണ് ജയരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയതത്. ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും അന്വേഷണ ഉദ്യോഗസ്ഥൻറെ നിലപാടിൽ മാറ്റമുണ്ടായില്ല. കേസ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നിലേക്കാണ് ശ്യാമിനെ സ്ഥലംമാറ്റിയത്. പാറ്റൂർ, തച്ചങ്കരി കേസുകളുടെ അന്വേഷണ ചുമതലയുണ്ടായിരുന്ന നന്ദൻപിള്ളയെയും സ്ഥലം മാറ്റി. എസ് ഐ യു ഒന്നിലെ എസ്‍പി ബി അശോകനെതിരെ നേരത്തെ നന്ദനൻപിള്ള പരാതി നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ഡിവൈഎസ്പിയുടെ പരാതിയിൽ നേരത്തെ അശോകനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിട്ടുണ്ട്.
നിരവധി നടപടികള്‍ നേരിട്ട ഒരു മലുദ്യോഗസ്ഥനുകീഴിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും മറ്റൊരു യൂണിറ്റിലേക്ക് സ്ഥലമാറ്റം വേണമെന്നാവശ്യപ്പെട്ട് നന്ദൻപിള്ള ഡയറക്ടർക്ക് അപേക്ഷ നൽകിയ ശേഷം അവധിയിൽപ്പോയി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. പക്ഷേ വിജിലൻസിലോ മറ്റെതെങ്കിലും യൂണിറ്റിലോ പകരം നിയമനം നൽകിയിട്ടില്ല. ബാർ കേസിൻറെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ നജുബുള്‍ ഹസ്സനെയും ഫോണ്‍ കെണി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‍പി ബിജുമോനെയും സ്ഥലംമാറ്റിയിട്ടുണ്ട്. നജുബുള്‍ ഹസ്സൻ ഇൻറലിജൻസിലേക്കും ബിജുമോനെ വിജിലൻസിലേക്കുമാണ് മാറ്റിയത്.
