കാസര്‍കോട്: കാസര്‍കോട് കരിന്തളത്തു സ്വകാര്യ എസ്റ്റേറ്റ് മാനേജരെ എസ്റ്റേറ്റിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കരിന്തളം കുമ്പളപ്പളളി ചൂരപ്പടവ് പള്ളപ്പാറ പയങ്ങപ്പാടന്‍ ചിണ്ടനെ(75 )യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ പോലീസും ഫോറന്‍സിക്കും ഡോഗ് സ്‌കാഡും സ്ഥലത്തു പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താഞ്ഞതിനാല്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌റേറ്റിനകത്തു വഴിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു ചിണ്ടനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരു കൈകള്‍ക്കും പൊട്ടലും തലയ്ക്ക് ആഴത്തില്‍ മുറിവുമുണ്ട്. വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നീലേശ്വരം സി.ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സീല്‍ ചെയ്തു. പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപെട്ട് രണ്ടുപേരെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.കെ.ദാമോദരന്‍ സി.ഐമാരായ വി.ഉണ്ണികൃഷ്ണന്‍, എം.സുനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. അമ്മാരുകുഞ്ഞിയാണ് മരിച്ച ചിണ്ടന്റെ ഭാര്യ.സതീശന്‍, വിനോദ്, മനു, നിഷ എന്നിവര്‍ മക്കളാണ്.