ആലപ്പുഴ: ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് - ഇരമല്ലിക്കര റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ലെവലിംങ്ങിന് ഉപയോഗിക്കുന്ന മിശ്രിതം നിലവാരം കുറഞ്ഞതെന്ന് ആക്ഷേപം. പ്രാവിന്‍കൂട് മുതല്‍ ഇരമല്ലിക്കര വരെയുള്ള റോഡ് ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിന്റെ അടുത്ത ഘട്ടമായാണ് നിരപ്പാക്കല്‍ ജോലികള്‍ ആരംഭിച്ചത്. ഇതിനായി ആദ്യം റോഡിന്റെ പല ഭാഗങ്ങളായി ഇറക്കിയ പാറപ്പൊടി മിശ്രിതം ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ വന്ന് പരിശോധിച്ച ശേഷമാണ് റോഡില്‍ നിരത്തിയത്. 

കൂടുതല്‍ താഴ്ന്ന ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കിയ മിശ്രിതമാണ് നിലവാരം കുറഞ്ഞതാണെന്ന് മനസിലാക്കി നാട്ടുകാരും, മരാമത്ത് അധികൃതരും കരാറുകാരനെതിരായി പരാതിയുമായി രംഗത്തെത്തിയത്. ഗ്രാനുലാര്‍ സബ് ബേയ്‌സെന്ന പാറപ്പൊടി മിശ്രിതമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പാറ പൊടിക്കുമ്പോള്‍ ലഭിക്കുന്ന വ്യത്യസ്ഥ വലിപ്പത്തിലുള്ള പൊടി ചേര്‍ന്ന മിക്‌സ് ആണ് ഗ്രാനുലാര്‍ സബ് ബേയ്‌സ്. അതിന് പകരമായി തീരെ നിലവാരം കുറഞ്ഞ വെറ്റ്മിക്‌സ് (നനവുള്ള മിശ്രിതം) എന്ന മിശ്രിതമാണ് ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് റോഡില്‍ നിരത്തുന്നത്. 

ഇതിന് പുരയിടത്തിലെ മണ്ണിന്റെ നിറവും, ഈര്‍പ്പവുമാണ്. മാത്രമല്ല ക്ലയുടെ അംശം ഉള്ളതായും പൊതുമരാമത്ത് വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിക്കുന്നത് കൊണ്ട് റോഡിന് പ്രതീക്ഷിക്കുന്നത്ര ഉറപ്പ് ലഭിക്കാതെ വരുകയും, റോഡിന് കാലക്രമേണ വിരിച്ചിലുണ്ടാവുകയും, റോഡ് താഴേക്ക് ഇരുത്തുവാനുമുള്ള സാധ്യതയുണ്ടന്ന് അധികൃതര്‍ വ്യക്തമാക്കി. മേല്‍ പറഞ്ഞ വിവരങ്ങള്‍ക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ചെങ്ങന്നൂര്‍ കാര്യാലയത്തില്‍ നിന്നും കരാറുകാരന് നിര്‍ദ്ദേശം കൊടുത്തുകൊണ്ടുള്ള നോട്ടീസ് അയച്ചു. ഇതിന്റെ പകര്‍പ്പ് സൂപ്രണ്ട് എന്‍ജിനീയര്‍ക്കും നല്‍കി. നാട്ടുകാര്‍ ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, അസി.എന്‍ജീനീയര്‍, എക്‌സിക്യൂട്ട് എന്‍ജിനിയര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടമായി വെറ്റ്മിക്‌സ് മെക്കാടം (ഡബ്ല്യൂ.എം.എം) നിരത്തി റോഡ് ഉറപ്പിച്ച ശേഷമാണ് ( ബി.എം.ബി.സി ) ടാറിംഗ് ജോലികള്‍ തുടങ്ങുക.

ആദ്യപടി 5 സെന്റീമീറ്റര്‍ ഘനവും, ശേഷം മൂന്ന് സെന്റീമീറ്ററുമായാണ് ടാറിംഗ് പൂര്‍ത്തിയാക്കുക. ഇതിനോടകം 35 ല്‍ ഏറെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകള്‍ റോഡ് അരുകിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇതിനാവശ്യമായ തുക കരാറുകാരന്‍ വൈദ്യുതി ബോര്‍ഡില്‍ അടച്ചിട്ടുണ്ട്. അതേ സമയം മാടവന - കണ്ടത്തിപ്പടി റോഡ് പുനര്‍നിര്‍മ്മാണത്തിനായി പൊളിച്ചിട്ടിട്ട് ദിവസങ്ങളായെങ്കിലും ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി പരാതി ഉയര്‍ന്നു.