കേസില്‍ അമ്മയെ പൊന്നാനിയിൽ കൊണ്ടു വന്ന് തെളിവെടുക്കും പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്


മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതി മൊയ്തിൻ കുട്ടിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

രാവിലെ പെൺകുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പീഡനത്തെക്കുറിച്ച് അറിയില്ലെന്ന നിലയില്‍ മൊയ്തീൻകുട്ടിക്ക് അനുകൂലമായ മൊഴിയാണ് ഇവര്‍ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടി സമ്മതത്തോടെയാണ് പെൺകുട്ടിയെ മൊയ്തീൻ കുട്ടി പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെയാണ് അമ്മയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ പൊലീസിന്‍റെ അലംഭാവത്തിനെതിരെ ശക്തമായി പ്രതികരിച്ച വനിതകമ്മീഷൻ ചെയര്‍പേഴ്സൻ എം.സി ജോസഫൈൻ ക്രൂരതക്ക് കൂട്ടുനിന്ന അമ്മക്കെതിരെ കേസെടുക്കണമെന്ന് രാവിലെ ആവശ്യപെട്ടിരുന്നു.

വൈദ്യപരിശോധനക്കും മൊഴി എടുക്കലിലും ശേഷം പെൺകുട്ടിയെ സുരക്ഷിത്വം കണക്കിലെടുത്ത് ബാല സദനത്തിലേക്ക് മാറ്റി.കസ്റ്റഡിയിലുള്ള മൊയ്തീൻകുട്ടിയെ പൊന്നാനി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.