ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആയുധധാരികളായ നാലംഗ സംഘം ബംഗളുരു കെങ്കേരിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മിനിയുടെ മാനേജര്‍ നാഗേന്ദ്രപ്പയെ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വച്ച് സംഘം നാഗേന്ദ്രപ്പയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഓഫീസില്‍ പണവും വിലപിടിപ്പിള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും സുരക്ഷ അലാമിന്റെ പ്രവര്‍ത്തനവും സിസിടിവി സ്ഥാപിച്ചിരിക്കുന്ന സ്ഥലവും ചോദിച്ച് മനസിലാക്കി.. ഇതിന് ശേഷം അര്‍ദ്ധ രാത്രിയില്‍ നാഗേന്ദ്രപ്പയുമായി ഓഫീസിലെത്തിയ സംഘം മാനേജരുടെ താക്കോല്‍ ഉപയോഗിച്ച് മൂത്തൂറ്റ് മിനിയുടെ ശാഖ തുറന്ന് കവര്‍ച്ച നടത്തുകയായിരുന്നു.

സുരക്ഷാ വിവരങ്ങള്‍ മനസിലാക്കി അവയ്‌ക്ക് കേടുപാടുകള്‍ വരുത്തിയതിനാല്‍ അപായ അലാമടിച്ചില്ല. ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ണൂറ് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സംഘം കവര്‍ന്നതായി പ്രഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.. കവര്‍ച്ചക്ക് ശേഷം മാനേജറെ മാഗഡി റോഡിലെ ആള്‍ത്തിരക്കൊഴി‍ഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. മാനേജരുടെ മൊഴി അനുസരിച്ച് സംഘം സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവികളും പൊലീസ് പരിശോധിച്ചുവരികയാണ്.