മലപ്പുറം വളാഞ്ചേരിയിലെ തുണിക്കടയില്‍ നിന്ന് ഇരുപത്തിയഞ്ചു ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ ജനറല്‍ മാനേജരടക്കം രണ്ട് പേര്‍ പൊലീസിന്‍റെ പിടിയിലായി. വീടു നിര്‍മ്മിച്ചതിലെ കടം വീട്ടാൻ ജനറല്‍ മാനേജരാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ കുറ്റിപ്പുറം സ്വദേശി നിലാപറമ്പത്ത് മുഹമ്മദ് കുട്ടി,കാട്ടിപ്പരുത്തി സ്വദേശി അങ്ങാടിപ്പറമ്പത്ത് ഉമൈര്‍ എന്നിവരാണ് പിടിയിലായത്.ശനി ഞായര്‍ ദിവസങ്ങളിലെ പെരുന്നാല്‍ കച്ചവടത്തിലെ പണമാണ് ജനറല്‍ മാനേജര്‍ തട്ടിയെടുത്തത്.തിങ്കളാഴ്ച്ച ബാങ്കിലടക്കാനായി മാറ്റിവച്ചതായിരുന്ന പണം.ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേക്കുമെന്ന ഭീതി പരത്തി സിസിടിവി ക്യാമറ രാത്രി ഓഫാക്കിവക്കാൻ ജനറല്‍ മാനേജര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് സംശയം അദ്ദേഹത്തിലേക്ക് എത്താൻ കാരണം. മാത്രവുമല്ല പണം സൂക്ഷിച്ച അലമാരമാത്രമാണ് മോഷ്ടാക്കള്‍ കുത്തിതുറന്നിരുന്നത്.

ഇതും സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായത്തോടെയുള്ള മോഷണമെന്ന അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചു.ചോദ്യം ചെയ്യലില്‍ വീടു നിര്‍മ്മിച്ചതിലെ കടം വീട്ടാൻ രണ്ടുപേരെക്കൊണ്ട് മോഷണം നടത്തിച്ചത് താനാണെന്ന് ജനറല്‍ മാനേജരായ മുഹമ്മദ്കുട്ടി സമ്മതിച്ചു. കേസില്‍ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നടത്തിയ ആസൂത്രിതമായ മോഷണത്തിന് ഒരാഴ്ച്ചക്കുമുമ്പ് തന്നെ തുമ്പുണ്ടാക്കാനായത് പൊലീസിന് ആശ്വാസമായി.