ആലപ്പുഴ: ട്രാന്‍സ്‌ജെന്റര്‍സിന്റെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. കേരളത്തില്‍ നാലായിരത്തിലധികം ട്രാന്‍സ്‌ജെന്റര്‍സ് ഉണ്ടെന്നാണ് സാമൂഹ്യ ക്ഷേമവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 14 ജില്ലകളിലുമായി 8000 ല്‍ അധികം ട്രാന്‍സ്‌ജെന്റര്‍സ് ഉണ്ടെന്നാണ് ട്രാന്‍സ്‌ജെന്റര്‍സ് അസ്സോസിയേഷനുകള്‍ പറയുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്റര്‍സുകാര്‍ക്കായി ഒരുനയം രൂപീകരിച്ച സംസ്ഥാനം കേരളമാണ്.
2015 ല്‍ അംഗീകരിച്ച ട്രാന്‍സ്ജന്റര്‍ പോളിസി പ്രകാരം സ്ത്രീകളേയും പുരുഷന്മാരേയും പോലെ മൂന്നാംലിംഗക്കാര്‍ക്കാരായി ട്രാന്‍സ്‌ജെന്റര്‍സിനെയും അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം സര്‍ക്കാരിന്റെ എല്ലാവിധ അപേക്ഷകളിലും ട്രാന്‍സ്‌ജെന്റര്‍സ് വ്യക്തികള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്തിരുന്നു. സാമൂഹ്യ ക്ഷേമവകുപ്പിന് കീഴില്‍ ട്രാന്‍സ്‌ജെന്റര്‍സിന്റെ ക്ഷേമത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി. എങ്കിലും ചൂഷണങ്ങളും അവഗണനയും അവസാനിക്കാത്ത വിഭാഗമായി ട്രാന്‍സ്‌ജെന്റര്‍സ് വേട്ടയാടപ്പെടുകയാണ്.
സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യമായി ട്രാന്‍സ്‌ജെന്റര്‍സുകാരെ കാണണമെന്ന നിയമം വന്നെങ്കിലും അത് ഫയലില്‍ മാത്രമായി ഒതുങ്ങി. തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുവാന്‍ ഈ വിഭാഗത്തിന് വേണ്ടത്ര പിന്തുണയും തൊഴിലും ഇപ്പോഴും ലഭ്യമല്ല. എന്നതാണ് വാസ്തവം. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് തൊഴിലുമായി മുന്നേറാന്‍ കഴിയുന്നതെന്ന് ട്രാന്‍സ്‌ജെന്റര്‍സ് വിഭാഗത്തില്‍പ്പെട്ട മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ആബേല്‍ റോബിന്‍ പറയുന്നു. കേരളത്തില്‍ ട്രാന്‍സ്‌ജെന്റര്‍സ് വിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് ലൈംഗിക അതിക്രമമാണ്. ട്രാന്‍സ്‌ജെന്റര്‍സ് ആയതുകൊണ്ടുമാത്രം തൊഴിലും താമസസൗകര്യവും ലഭ്യമാകുന്നില്ല. വ്യാജ ട്രാന്‍സ്‌ജെന്റര്‍സ് സമൂഹത്തിന് ബോധിക്കാത്ത രീതിയില്‍ പിടിച്ചുപറിയും ലൈംഗിക വ്യാപാരവുമായി നടക്കുന്നത് ട്രാന്‍സ്‌ജെന്റര്‍സുക്കാര്‍ക്ക് ദോഷകരമായി മാറുന്നുണ്ട്.
സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്റര്‍ പോളിസിയുടെ ഭാഗമായി നടന്ന പഠനപ്രകാരം 51 ശതമാനം ട്രാന്‍സ്‌ജെന്റര്‍സ് അവര്‍ ഭട്രാന്‍സ്‌ജെന്റര്‍സാണെന്ന കാരണം കൊണ്ട് ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുന്നില്ല. തൊഴിലിടങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുന്നവരുടെ നിരക്ക് നൂറ് ശതമാനമാണ്. ഭൂരിഭാഗം ട്രാന്‍സ്‌ജെന്റര്‍സുകാര്‍ക്കും പൊലീസില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. 90 ശതമാനം ട്രാന്‍സ്‌ജെന്റര്‍സും തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുന്നുണ്ട്. ട്രാന്‍സ്‌ജെന്റര്‍സുകാരെന്ന കാരണം കൊണ്ട് തങ്ങള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് മേല്‍ പരാതി നല്‍കാനും ഇവര്‍ ധൈര്യപ്പെടുന്നില്ല. സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയംകാരണം ട്രാന്‍സ്‌ജെന്റര്‍സ് വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നവര്‍ 78 ശതമാനമുണ്ട്. ഇതില്‍ 50 ശതമാനം പേരും കുടുംബത്തില്‍ നിന്നുതന്നെ തങ്ങളുടെ ട്രാന്‍സ്‌ജെന്റര്‍സ് വ്യക്തിത്വം മറച്ചുവെയ്ക്കുന്നു. 81 ശതമാനം ട്രാന്‍സ്‌ജെന്റര്‍സ് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വം മാറുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ട്രാന്‍സ്‌ജെന്റര്‍സുകാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞത് കടലാസില്‍ ഒതുങ്ങി.
