അമേരിക്കന്‍ പ്രസി!ഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് വിദേശ നയങ്ങളെ പറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് വ്യക്തമാക്കിയ തെരേസ മെ, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുക തന്നെയാണ് മെയുടെ സന്ദര്‍ശന ലക്ഷ്യം. പുതിയ കാലത്തിനനുസരിച്ച് സഹകരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഒന്നിച്ച് മുന്നേറണമെന്നും മെ അഭിപ്രായപ്പെട്ടു. തെരേസ മെ ഇന്ന് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ അമേരിക്കന്‍-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് സാമ്പത്തിക സഹായം നല്‍കില്ലെന്ന് പ്രഖ്യാപിച്ച മെക്‌സിക്കോയ്ക്ക് ഇറക്കുമതി നികുതി ചുമത്താന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് വഴി 10 ബില്ല്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും സമാഹരിക്കാന്‍ സാധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നീക്കം മെക്‌സിക്കോയ്ക്ക് കടുത്ത തിരിച്ചടിയാകും. നേരത്തെ ട്രംപിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്കേ പെന നീറ്റോ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.