ദില്ലി: സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേനാ മേധാവി സുനില്‍ ലാന്‍ബ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കത്തു നല്‍കി. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചവരുടെ മക്കള്‍ക്കും യുദ്ധത്തില്‍ പെട്ട് അംഗവൈകല്യം സംഭവിച്ചവരുടേയും മക്കളുടെ പഠനത്തിനായി മാസന്തോറും 10,000 രൂപയാണ് നല്‍കി വരുന്നത്.

നേരത്തെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ചെലവുകള്‍, പുസ്തകത്തിനും യൂണിഫോമിനുമുള്ള ചെലവുകള്‍ എത്രയാണോ അത്രയും തുക പൂര്‍ണമായും നല്‍കിയിരുന്നു. ഏഴാം ശമ്പളക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഇത് 10000 ആയി നിജപ്പെടുത്തുകയായിരുന്നു.

രാജ്യത്തിന് വേണ്ടിയാണ് തങ്ങളുടെ ഉറ്റവര്‍ പോരാടിയതെന്നും ജീവത്യാഗം സംഭവിച്ചതെന്നും സര്‍ക്കാരിന്റെ ഈ ചെറിയ സഹായത്തിലൂടെ പട്ടാളക്കാരുടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താനാകുമെന്ന് നാവിക സേനാ മേധാവി വ്യക്തമാക്കി. രാജ്യം അവര്‍ക്കൊപ്പമുണ്ടെന്ന സുരക്ഷിതത്വ ബോധം വളര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

3,400 കുട്ടികളുടെ പഠനച്ചെലവാണ് ഇത്തരത്തില്‍ കേന്ദ്രം നടത്തുന്നത്. 1971ലെ യുദ്ധത്തിന് ശേഷമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് ശമ്പളക്കമ്മീഷന്‍ ശുപര്‍ശ്ശ ചെയ്തത്.