ന്യൂയോര്‍ക്ക്: എന്റെ പെണ്‍കുഞ്ഞിനെ അവര്‍ വയറ്റഇല്‍വച്ചേ കൊന്നുവെന്ന് പറയുമ്പോള്‍ കാറ്റ്ലന്‍ കോള്‍മന്‍ ബോയില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. കാനഡക്കാരനായ ഭര്‍ത്താവിനൊപ്പം 2012 ല്‍ അഫ്‍ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ അനുകൂല സംഘടനകള്‍ തട്ടിക്കൊണ്ട് പോയ കാറ്റ്ലനെയും ഭര്‍ത്താവിനെയും കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍ സൈന്യം രക്ഷപെടുത്തിയത്. കാറ്റ്ലനെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടു പോയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. 

നീണ്ട അഞ്ചു വര്‍ഷത്തെ തടങ്കലില്‍ മൂന്ന് കുട്ടികള്‍ക്കും കാറ്റ്ലന്‍ ജന്മം നല്‍കി. തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും അവര്‍ നിയന്ത്രണം വിട്ട് വിതുമ്പി. കുട്ടികളുടെ നേര്‍ക്ക് കയ്യില്‍ കിട്ടിയ സാധങ്ങള്‍ കൊണ്ടായിരുന്നു അക്രമം എന്നും അവര്‍ തുറന്ന് പറയുന്നു. നാലു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വടി കൊണ്ട ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നും കാറ്റ്ലന്‍ പറയുന്നു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും തനിക്ക് നേരെ ലൈംഗിക അരാജകത്വമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

താലിബാന്‍ തടങ്കലില്‍ ഉണ്ടായ അനുഭവങ്ങളേക്കുറിച്ച് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്ലന്‍. തന്റെ കുട്ടികള്‍ക്ക് നേരിട്ട പീഡനം ഒരു കുഞ്ഞിനു നേരെയും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞു. പലപ്പോഴും തന്റെ കുഞ്ഞുങ്ങളെ ബോംബുകളായി ഉപയോഗിക്കുമോയെന്ന ഭയന്ന സന്ദര്‍ഭമുണ്ടായെന്നും കാറ്റ്ലന്‍ പറയുന്നു. 

പെണ്‍കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായെന്നും കാറ്റ്ലന്‍ ആരോപിക്കുന്നു. ഭര്‍ത്താവിനെ മുറിയില്‍ നിന്ന് മര്‍ദിച്ച് അവശനാക്കി വലിച്ചിഴച്ച ശേഷം പുറത്തേയ്ക്ക് കൊണ്ടു പോയതിന് ശേഷമായിരുന്നു ബലാത്സംഗവും മര്‍ദനവുമെന്ന് കാറ്റ്ലന്‍ ആരോപിക്കുന്നു. താലിബാന്റെ പിടിയില്‍ നിന്ന് മോചിതരായ ശേഷം കാനഡയില്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് കാറ്റ്ലനും കുടുംബവും.