മോഷണത്തിന് ശേഷം ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെയാണ് സത്യ കടന്ന് കളഞ്ഞത്. ഇതോടെ ഒരു പ്രൊഫഷണല്‍ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം സമാനമായ രീതിയില്‍ ചെന്നെെയിലെ വിവിധയിടങ്ങളില്‍ മോഷണം നടന്നു

ചെന്നെെ: മോഷണത്തിന് പലവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്ന നിരവധി കള്ളന്മാരുടെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഹെെദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത സത്യ റെഡ്ഢിയുടെ മോഷണ രീതി കേട്ടപ്പോള്‍ പൊലീസുകാര്‍ വരെ ഒന്ന് ഞെട്ടിപ്പോയി. കാരണം വേറൊന്നുമല്ല, ലോകത്തെവിടെയും ആരുടെയും ആശ്രയമില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ഗൂഗിള്‍ മാപ്പിനെ ഉപയോഗിച്ചാണത്രേ സത്യ റെഡ്ഢി മോഷണങ്ങള്‍ നടത്തുന്നത്.

ഗൂഗിള്‍ മാപ്പില്‍ പരതി നഗരത്തില്‍ എവിടെയാണ് ഏറ്റവുമധികം സമ്പന്നര്‍ ജീവിക്കുന്നതെന്ന് സത്യ കണ്ടെത്തും. തുടര്‍ന്ന് അവിടെ എത്തി പൂട്ടിക്കിടക്കുന്നതോ അല്ലെങ്കില്‍ വീട്ടുകാര്‍ ഏറെ സമയം പുറത്തായിരിക്കുന്നതോ ആയ വീടുകളില്‍ മോഷണം നടത്തും. ഇതാണ് റെഡ്ഢിയുടെ മോഷണ രീതി.

ചെന്നെെ അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ നുങ്ങാംബക്കത്തിലെ വീട്ടില്‍ നടന്ന മോഷണക്കേസ് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ച ഒന്നായിരുന്നു. മോഷണത്തിന് ശേഷം ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെയാണ് സത്യ കടന്ന് കളഞ്ഞത്. ഇതോടെ ഒരു പ്രൊഫഷണല്‍ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.

ഇതിന് ശേഷം സമാനമായ രീതിയില്‍ ചെന്നെെയിലെ വിവിധയിടങ്ങളില്‍ മോഷണം നടന്നു. ഈ കേസുകളിലെല്ലാം അന്വേഷണം നടക്കുന്നതിനിടെ തെലങ്കാനയില്‍ വച്ചാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ സത്യ റെഡ്ഢി പിടിയിലാകുന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സത്യയെ ചോദ്യം ചെയ്തപ്പോഴാണ് ചെന്നെെയിലെ മോഷണങ്ങള്‍ക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് തന്‍റെ മോഷണ രീതിയെപ്പറ്റി പൊലീസിന് സത്യ വിശദീകരിച്ച് നല്‍കി. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ സ്ഥലങ്ങള്‍ കണ്ട് പിടിച്ച് ശേഷം അവിടെ എത്തി വീടുകള്‍ നോക്കിവെയ്ക്കും. അതിന് ശേഷം ജനലുകളുടെ സ്ക്രൂ ഇളക്കിയോ വാതിലുകളുടെ പൂട്ടുകള്‍ തകര്‍ത്തോ അകത്ത് കയറും.

കെെയില്‍ ഗ്ലൗസും മുഖം മൂടിയും അണിഞ്ഞ് മാത്രമേ മോഷണം നടത്തുകയുള്ളൂ. ഇതോടെ സിസിടിവികള്‍ മുഖം പതിയുകയോ ഫിംഗര്‍പ്രിന്‍റ് പതിയുകയോ ഇല്ല. മോഷണത്തിന് ശേഷം ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് സത്യ പറഞ്ഞു.