തിരുവനന്തപുരം: ത്രാസിന്റെ പടിയുപയോഗിച്ചുള്ള പിതൃസഹോദരന്റെ മര്‍ദ്ദനത്തില്‍ പതിമൂന്നുകാരന് ഗുരുതര പരിക്ക്. എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേമം മേലാങ്കോട് സ്വദേശിയായ പതിമൂന്നു വയസുകാരനാണ് അച്ഛന്റെ അനിയന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
മുഖത്തും, നെഞ്ചിലും കുറുക്കിലും, തലയിലും മര്‍ദനമേറ്റ കുട്ടിക്ക് ഇപ്പോള്‍ മൂത്ര തടസവും ശ്വാസ തടസവും നേരിടുന്നുണ്ട്. ത്രാസിന്റെ പടി ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. പരിക്കേറ്റ കുട്ടിയെ അമ്മൂമ്മയും നേമം പോലീസും ചേര്‍ന്ന് ശാന്തിവിള സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ഇവിടെനിന്ന് എസ്.എ.ടി ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുണ്ട്. കുട്ടിയുടെ പിതൃസഹോദരന്‍ അനീഷിനായി നേമം പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ കഞ്ചാവിന് അടിമയെന്നാണ് പോലീസ് പറയുന്നത്.
