തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ വിപിന്‍റെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. ഒരു പ്രത്യേക സാമുദായിക സംഘടനയില്‍ പെട്ടവരാണ് പിടിയിലായവര്‍ എന്നാണ് സൂചന.
വ്യാഴാഴ്ച രാവിലെയാണ് തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിപിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരകമായി മുറിവേറ്റ വിപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. 2016 നവംബര്‍ 19നാണ് മതം മാറ്റത്തിന്‍റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസില്‍ പോലിസ് പിടിയിലായ എട്ട് ആര്‍എസ് എസ് പ്രവര്‍ത്തകരില്‍ ഒരാളാണ് കൊല്ലപ്പെട്ട വിപിന്‍.
ഇന്നലെ രാത്രിയോടെയാണ് മൂന്ന് പേരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു. മറ്റുള്ളവരെ ചോദ്യം ചെയ്യാനാണ് പൊലിസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ മതതീവ്രവാദ സംഘടന ആസൂത്രിതമായി നടപ്പാക്കിയ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിനെ സമീപിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
