തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്

പന്തളം: മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്. ഘോഷയാത്രക്ക് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 12 ന് പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങൾ മൂന്നും എടുക്കും. ഒരു മണിയോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പൻമാരുടെയും സായുധ പോലീസിന്‍റെയും ദേവസ്വം അധികൃതരുടെയും അകമ്പടിയോടെ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്ര തുടങ്ങും. ഇക്കൊല്ലം പുതുതായി പണികഴിപ്പിച്ച പല്ലക്കിലാണ് രാജ പ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.