തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ തല്‍ക്കാലം രാജിസന്നദ്ധത അറിയിച്ചെങ്കിലും അതിനായി ചില ഉപാധികളും മന്ത്രി തോമസ് ചാണ്ടി മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ട്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാല്‍ മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ അവസരമൊരുക്കണമെന്നാണ് അതില്‍ പ്രധാനം.
ഇക്കാര്യം കൂടി വ്യക്തമാക്കാനാണ് മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തത്. എന്‍സിപി ദേശീയ നേതൃത്വവും എത്രയും വേഗം സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് തൊട്ടുമുമ്പ് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇക്കാര്യം തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.
ഇത് മന്ത്രിസഭാംഗങ്ങളെ കൂടി ബോധ്യപ്പെടുത്താനാണ് തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. എന്നാല്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തോമസ് ചാണ്ടി മുന്നോട്ടുവെച്ച ഉപാധികള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനുശേഷമെ വ്യക്തമാവൂ.
