ആലപ്പുഴ: മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ്ചാണ്ടി ചെയ്തത് ചുരുങ്ങിയത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടുവുന്ന കുറ്റം. സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന കണ്ടെത്തലും മന്ത്രിയുടെ തന്നെ തുറന്ന് പറച്ചിലിന്റെയും അടിസ്ഥാനത്തില്‍ ഇനി പോലീസിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. ഭൂസംരക്ഷണ നിയമത്തില്‍ 2009 ലെ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതോ കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായി മാറിയത്.

ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് കിട്ടിയാല്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നമെന്നാണ് ലളിതകുമാരി കേസിലെ സുപ്രീംകോടതിയുടെ 2014 ലെ വിധിന്യായം. ഭൂസംരക്ഷണ നിയമത്തില്‍ 2009 ലെ ഭേദഗതി അനുസരിച്ച് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്താല്‍ മൂന്ന് കൊല്ലമാണ് ചുരുങ്ങിയ ശിക്ഷ. പിഴ 50,000 വേറെയും. മാര്‍ത്താണ്ഡം കായലിലെ കയ്യേറി നികത്തിയ ഭൂമി, വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഡയറക്ടറെന്ന നിലയില്‍ തോമസ്ചാണ്ടിയുടെ പേരിലാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയിട്ടും ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടറും ആര്‍.‍ഡി.ഒയും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് 2009ലെ ഭേദഗതിയിലൂടെ നിയമം പറയുന്നത്. 2011ലും 2017 ലും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറും തഹസില്‍ദാറും റിപ്പോര്‍ട്ട് ചെയ്തതാണ്. കൂടാതെ പുളിങ്കുന്ന് പോലീസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. 

സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് മന്ത്രി തന്നെ തുറന്നു പറഞ്ഞതോടെ കയ്യേറി നികത്തിയെന്ന കാര്യം മന്ത്രി തോമസ്ചാണ്ടിക്ക് അറിയില്ലായിരുന്നുവെന്ന് ഇനി പറയാനുമാവില്ല. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് ഇനി വിശദീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. 2009 വരെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുകയോ കയ്യേറുകയോ ചെയ്താല്‍ 500 രൂപ പിഴയടച്ച് തീര്‍ക്കാവുന്ന കുറ്റമായിരുന്നു. എന്നാല്‍ ഇന്ന് കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ കോടതിക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കൊടുക്കമെന്നാണ് നിയമം. ഈ നിയമ ഭേദഗതി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ വീണ്ടുമിപ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ആ നിയമം പരസ്യമായി ലംഘിച്ചിരിക്കുന്നത് ഇടതു മന്ത്രിസഭയിലെ മന്ത്രിയായ തോമസ്ചാണ്ടിയും.