ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്ന് സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണിട്ടുയര്‍ത്തിയെന്ന് തോമസ്ചാണ്ടി തന്നെ തുറന്ന് സമ്മതിച്ച് മാര്‍ത്താണ്ഡം കായലിലടക്കം നടന്ന നിയമലംഘനങ്ങളും അന്തിമറിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. ലേക് പാലസ് റിസോര്‍ട്ടിനു മുന്നില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുമാറ്റുന്നതടക്കമുള്ള നിര്‍ണ്ണായക ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടും മാര്‍ത്താണ്ഡം കായലിലും നടത്തിയ നിയമലംഘനങ്ങളാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ പ്രധാനമായും അന്വേഷിച്ചത്. ഇതിന്റെ ഭാഗമായി ലേക് പാലസ് റിസോര്‍ട്ടും പരിസരവും കൈനകരി പഞ്ചായത്തിലെ മാര്‍ത്താണ്ഡം കായലും ജില്ലാ കള്കടര്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം നേരിട്ട് കണ്ടു മനസ്സിലാക്കി. 

രണ്ടിടങ്ങളിലെയും റവന്യൂ രേഖകള്‍ പരിശോധിച്ചതിനൊപ്പം ഉപഗ്രഹ ചിത്രങ്ങളും മറ്റ് പരിസ്ഥിതി നിയമങ്ങളും നിലവിലുള്ള കോടതിവിധികളും പരിശോധിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒന്നരമാസത്തിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. 

നേരത്തെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടടര്‍ ഒരു ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഗുരുതരമായ നിയമലംഘനം അവിടെ നടന്നിട്ടുണ്ടെന്നാണ് ജില്ലാ കളക്ടര്‍ കണ്ടെത്തിത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മ്മാണവും വെള്ളമൊഴുകുന്ന നീര്‍ച്ചാലിന്റെ ഗതിമാറ്റിയതും കല്‍കെട്ട് കെട്ടിയതും എന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. 

അതിന് ശേഷം ലേക് പാലസ് റിസോര്‍ട്ടിനോട് വിശദീകരണവും തേടി. പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും തങ്ങളുടേതല്ലെന്നും മന്ത്രി തോമസ്ചാണ്ടിയുടെ സ്വന്തം സഹോദരിയായ ലീലാമ്മ ഈശോയുടെ പേരിലാണെന്നും കമ്പനി വിശദീകരിച്ചു. നിയമം സംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുമാറ്റണമെന്ന ശുപാര്‍ശ അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടാകുമോ എന്നതാണ് ഏറെ പ്രധാനം. അതോടൊപ്പം മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണിട്ടുയര്‍ത്തിയെന്ന് സമ്മതിച്ച മന്ത്രി തോമസ്ചാണ്ടിക്കെതിരെ ഭൂസംരക്ഷണ നിയമമനുസരിച്ച് എന്ത് നടപടിയെടുക്കുമെന്ന കാര്യവും ഏറെ നിര്‍ണ്ണായകമാണ്.