ആലപ്പുഴ: മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടിയും ബന്ധുക്കളും കൈവശം വച്ചിരിക്കുന്നത് വ്യാജരേഖ ചമച്ച് കൈമാറിയ ഭൂമിയെന്നതിന് തെളിവുകള്‍ പുറത്ത്. തോമസ്ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് ഭൂമി കൈമാറിയെന്ന് പറയുന്ന കുടുംബം ഇങ്ങനെയൊരു വസ്തു കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന് ശാന്തമ്മ ആന്‍റണിയുടെ മകന്‍ വെളിപ്പെടുത്തി.
തീറാധാരത്തിലെ ഒപ്പുകള്‍ വ്യാജമാണെന്നും ഭൂമി പതിച്ച് കിട്ടാന്‍ എവിടെയും അപേക്ഷ നല്‍കിയിട്ടില്ലെന്നും സിജോ ആന്‍റണി. ഇതോടെ തോമസ്ചാണ്ടിയും കുടുംബവും കൈവശപ്പെടുത്തിയ ഭൂമി മാത്തൂര്‍ ആരോപിക്കുന്നത് പോലെ വ്യാജരേഖകള്‍ ചമച്ചുണ്ടാക്കിയ തട്ടിപ്പ് ഇടപാടായിരുന്നുവെന്ന് വ്യക്തമായി
1998 വരെ കരമടച്ചിരുന്ന മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി അന്നത്തെ കുട്ടനാട് തഹസില്‍ദാറായിരുന്ന ലളിതമ്മ വ്യാജ രേഖ ചമച്ച് ക്ഷേത്രത്തിന്‍റെ തണ്ടപ്പേരില്‍ നിന്നും ഉടമസ്ഥാവകാശം മാറ്റിയത്. കുട്ടനാട് തഹസില്‍ദാര്‍ കൃഷ്ണയ്യര്‍ എന്നയാളുടെ മൂന്ന് മക്കളുടെ പേരില്‍ 34.68 ഏക്കര്‍ ഭൂമി ഒറ്റപ്പട്ടയമായി നല്‍കുകായിരുന്നു. അതേ വര്‍ഷം സപ്തംബര്‍ രണ്ടാം തീയ്യതി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ അഞ്ച് എന്‍ആര്‍ഐക്കാരുടെ പേരില്‍ നികുതി ഒടുക്കുന്നു. ഒരാഴ്ച കഴിഞ്ഞ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടുന്നതിനായി ആലപ്പുഴ ലാന്‍റ് ട്രിബ്യൂണലില്‍ അപേക്ഷിക്കുന്നു.
അങ്ങനെയുള്ള അഞ്ച് അപേക്ഷകരില്‍ ഒരാളായിരുന്നു തോമസ്ചാണ്ടിയുടെ സമീപവാസി കൂടിയായ സിജോ ആന്‍റണിയുടെ കുടുംബം. ഇങ്ങനെ കൊടുത്ത അപേക്ഷയില്‍ സിജോ ആന്‍റണി അടക്കം കുടുംബത്തിലെ ആറുപേര്‍ രേഖകള്‍ പ്രകാരം മാത്തൂര്‍ ഭൂമിയുടെ അവകാശികളായിരുന്നു. സിജോ ആന്‍റണിയുടെയും അമ്മയുടെയും മറ്റ് മൂന്ന് സഹോദരങ്ങളുടെയും പേരും മേല്‍വിലാസവും കൃത്യമായിരുന്നു.
മന്ത്രി തോമസ്ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന് മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈമാറിയ തീറാധാരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതില്‍ ഒപ്പിട്ടവരുടെ പേരുകള്‍ നോക്കുക. ശാന്തമ്മ ആന്‍റണിയും സിജോ ആന്‍റണിയും അടക്കം നാലുപേര്‍. മേല്‍വിലാസത്തിലും വ്യത്യാസമില്ല. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നറിയാന്‍ വര്‍ഷങ്ങളായി നാട്ടിലില്ലാതിരുന്ന സിജോ ആന്‍റണിയെ ഞങ്ങള്‍ ബന്ധപ്പെട്ടു.
പേരും മേല്‍വിലാസവും വായിച്ചു കേള്‍പ്പിച്ചു. അത് സമ്മതിച്ച സിജോ ആന്‍റണി തീറാധാരം കണ്ട് ഞെട്ടിപ്പോയി. ഇങ്ങനെയൊരു ഭൂമിയിടപാടിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സിജോ ആൻ്‍റണി ഈ ഒപ്പ് അവരുടേതല്ലന്ന് തറപ്പിച്ച് പറഞ്ഞു. അതായത് ഒരു കുടുംബമറിയാതെ വ്യാജമായി ഉണ്ടാക്കിയ തീറാധാരമാണ് തോമസ് കെ തോമസിന് കൈമാറിയതെന്ന് വ്യക്തം. സിജോ ആന്‍റണിയും കുടുംബവും ഇന്നേവരെ ഈ ഭൂമിയിടപാടിനെക്കുറിച്ച് അറിഞ്ഞില്ല. ഉടമസ്ഥാവകാശത്തിനായി എവിടെയും സമീപിച്ചില്ല.
പക്ഷേ ഇപ്പോഴും ഇവരുടെ അപേക്ഷ പോലുമില്ലാതെ ഒരഭിഭാഷകന്‍ ഇവര്‍ക്ക് വേണ്ടി ചേര്‍ത്തല ലാന്‍റ് ട്രൈബ്യൂണലില്‍ ഹാജരായി ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ വീറോടെ വാദിക്കുകയാണ്. ഇതുപോലെയാണ് മാത്തൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതിയിലുണ്ടായ ബാക്കിയെല്ലാ ഭൂമിയും പോള്‍ ഫ്രാന്‍സിസ് കൈമാറിയതെന്ന ഗുരുതര ആരോപണമാണ് മാത്തൂര്‍ ദേവസ്വം ഉന്നയിക്കുന്നത്.
എന്നാല്‍ ഇതൊന്നും അറിയില്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. അങ്ങനെയെങ്കില്‍ മന്ത്രിയുടെ സഹോദരന് ആരാണ് ഭൂമി കൈമാറിയതെന്ന ദുരൂഹമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാത്രമല്ല ലാന്‍ഡ് ട്രിബ്യൂണല്‍ അപ്പലറ്റി കോടതി പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദ് ചെയ്ത കേസില്‍ ഭൂമി നല്‍കിയ പോള്‍ ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ കേസ് കൊടുക്കന്നതിന് പകരം ഇപ്പോഴും ഭൂമി കൈവശം വെക്കാന്‍ നിയമപോരാട്ടം നടത്തുകയാണ് മന്ത്രി തോമസ്ചാണ്ടി ചെയ്യുന്നത്.
