തിരുവനന്തപുരം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഒരു സെന്‍റ് സ്ഥലം പോലും കൈയേറിയിട്ടില്ല. പരിശോധന നടത്തിയത് തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു. 

അധികാരത്തിലേറിയതു മുതല്‍ സര്‍ക്കാറിന് തലവേദനയാവുകയാണ് ഗതാഗതവകുപ്പും ഘടകകക്ഷിയായ എന്‍.സി.പിയും. ഫോണ്‍കോള്‍ വിവാദത്തില്‍ എ.കെ ശശീന്ദ്രന്റെ രാജിക്ക് പിന്നാലെ എത്തിയ തോമസ് ചാണ്ടി ഇപ്പോള്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ലെങ്കിലും ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷവും എന്‍.സി.പിയിലെ തന്നെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടിയും സര്‍ക്കാരും. മന്ത്രി തോമസ് ചാണ്ടിയുടെയും മകന്‍റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായല്‍ നികത്തിയതടക്കമുള്ള നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങളും അനധികൃത ഇടപാടുകളും എന്തൊക്കെയാണെന്ന് നോക്കാം.

  • വാട്ടര്‍വേള്‍ഡ് ടൂറിസത്തിനായി വാങ്ങിക്കൂട്ടിയത് മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി.
  • കര്‍ഷകര്‍ക്ക് താമസിക്കാനായി കായലില്‍ നിന്നും 17 മീറ്റര്‍ വരെ ദൂരത്തില്‍ നികത്താമെന്ന് ഉത്തരവ്, നികത്തിയത് 40 മീറ്ററിലേറെ.
  • രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡ് കയ്യേറി നികത്തി.
  • നികത്തുന്ന ആറ് ഏക്കറില്‍ അഞ്ച് അക്കറും കൃഷി ചെയ്തിരുന്ന ഭൂമി. 
  • പരാതി നല്‍കിയവക്കെതിരെ പോലീസില്‍ പരാതി നല്‍കി ഭീഷണിപ്പെടുത്തി.
  • കൃഷി ചെയ്യുന്ന പാടവും കായലും തമ്മില്‍ വേര്‍തിരിക്കുന്ന പുറം ബണ്ടിന്റെ പരമാവധി വീതി മൂന്ന് മീറ്ററെന്ന് വ്യവസ്ഥ. ബണ്ടിന്റെ വീതി 36 മീറ്ററാക്കി മാറ്റി.
  • നിയമലംഘനങ്ങളെല്ലാം നടത്തിയത് തോമസ് ചാണ്ടി എം.എല്‍.എയും മന്ത്രിയുമായ ശേഷം.
  • നിലംനികത്തി ലേക്ക് പാലസിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ ഒത്താശ.
  • വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള കളക്ടറുടെ വിചിത്ര ഉത്തരവുപയോഗിച്ച് പാടം നികത്തി.